( നബിയേ, ) നിനക്ക് അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമത്രെ ഇത്. അതിനെ സംബന്ധിച്ച്
നിന്‍റെ മനസ്സില്‍ ഒരു പ്രയാസവും ഉണ്ടായിരിക്കരുത്. അതു മുഖേന നീ താക്കീത്
നല്‍കുവാന്‍ വേണ്ടിയും സത്യവിശ്വാസികള്‍ക്ക് ഉല്‍ബോധനം നല്‍കുവാന്‍
വേണ്ടിയുമാണത്.
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍
പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ
കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ.
എന്നാല്‍ ( നമ്മുടെ ദൂതന്‍മാര്‍ ) ആര്‍ക്കിടയിലേക്ക് അയക്കപ്പെട്ടുവോ അവരെ
തീര്‍ച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതന്‍മാരെയും തീര്‍ച്ചയായും നാം
ചോദ്യം ചെയ്യും.
നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും, നിങ്ങള്‍ക്കവിടെ നാം
ജീവിതമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച് മാത്രമേ നിങ്ങള്‍
നന്ദികാണിക്കുന്നുള്ളൂ.
തീര്‍ച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.
പിന്നീട് നാം മലക്കുകളോട് പറഞ്ഞു: നിങ്ങള്‍ ആദമിനെ പ്രണമിക്കുക. അവര്‍
പ്രണമിച്ചു; ഇബ്ലീസൊഴികെ. അവന്‍ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല.
അവന്‍ ( അല്ലാഹു ) പറഞ്ഞു: ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സുജൂദ്
ചെയ്യാതിരിക്കാന്‍ നിനക്കെന്ത് തടസ്സമായിരുന്നു ? അവന്‍ പറഞ്ഞു: ഞാന്‍ അവനെക്കാള്‍
( ആദമിനെക്കാള്‍ ) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയില്‍ നിന്നാണ് സൃഷ്ടിച്ചത്.
അവനെ നീ സൃഷ്ടിച്ചത് കളിമണ്ണില്‍ നിന്നും.
അവന്‍ ( അല്ലാഹു ) പറഞ്ഞു: നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക്
അഹങ്കാരം കാണിക്കാന്‍ പറ്റുകയില്ല. തീര്‍ച്ചയായും നീ നിന്ദ്യരുടെ
കൂട്ടത്തിലാകുന്നു.
പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ
വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ
ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല.
അവന്‍ ( അല്ലാഹു ) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട് നീ ഇവിടെ
നിന്ന് പുറത്ത് കടക്കൂ. അവരില്‍ നിന്ന് വല്ലവരും നിന്നെ പിന്‍പറ്റുന്ന പക്ഷം
നിങ്ങളെല്ലാവരെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെ ചെയ്യും.
ആദമേ, നീയും നിന്‍റെ ഇണയും കൂടി ഈ തോട്ടത്തില്‍ താമസിക്കുകയും, നിങ്ങള്‍ക്ക്
ഇഷ്ടമുള്ളേടത്ത് നിന്ന് തിന്നുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍
സമീപിച്ചു പോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അക്രമികളില്‍ പെട്ടവരായിരിക്കും
എന്നും ( അല്ലാഹു പറഞ്ഞു. )
അവരില്‍ നിന്ന് മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്കു
വെളിപ്പെടുത്തുവാനായി പിശാച് അവര്‍ ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവന്‍ പറഞ്ഞു:
നിങ്ങളുടെ രക്ഷിതാവ് ഈ വൃക്ഷത്തില്‍ നിന്ന് നിങ്ങള്‍ ഇരുവരെയും
വിലക്കിയിട്ടുള്ളത് നിങ്ങള്‍ ഇരുവരും മലക്കുകളായിത്തീരുമെന്നത് കൊണ്ടോ, നിങ്ങള്‍
ഇവിടെ നിത്യവാസികളായിത്തീരുമെന്നത് കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല.
അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ
വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍
വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം
പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച് അവരുടെ രക്ഷിതാവ് പറഞ്ഞു: ആ
വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍ വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച്
നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ?
അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം
ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും
ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.
അവന്‍ ( അല്ലാഹു ) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക്
ശത്രുക്കളായിരിക്കും. നിങ്ങള്‍ക്ക് ഭൂമിയില്‍ വാസസ്ഥലമുണ്ട്. ഒരു നിശ്ചിതസമയം വരെ
ജീവിതസൌകര്യങ്ങളുമുണ്ട്.
അവന്‍ പറഞ്ഞു: അതില്‍ ( ഭൂമിയില്‍ ) തന്നെ നിങ്ങള്‍ ജീവിക്കും. അവിടെ തന്നെ
നിങ്ങള്‍ മരിക്കും. അവിടെ നിന്ന് തന്നെ നിങ്ങള്‍ പുറത്ത് കൊണ്ട് വരപ്പെടുകയും
ചെയ്യും.
ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന
വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ
അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു
അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്.
ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത്
പോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവര്‍ ഇരുവരുടെയും
ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുവാനായി അവന്‍ അവരില്‍ നിന്ന് അവരുടെ
വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീര്‍ച്ചയായും അവനും അവന്‍റെ വര്‍ഗക്കാരും
നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍.
തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക് പിശാചുക്കളെ നാം മിത്രങ്ങളാക്കി
കൊടുത്തിരിക്കുന്നു.
പറയുക: എന്‍റെ രക്ഷിതാവ് നീതിപാലിക്കാനാണ് കല്‍പിച്ചിട്ടുള്ളത്. എല്ലാ
ആരാധനാവേളയിലും ( അഥവാ എല്ലാ ആരാധനാലയങ്ങളിലും ) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം (
അവനിലേക്ക് തിരിച്ച് ) നിര്‍ത്തുകയും കീഴ്‌വണക്കം അവന് മാത്രമാക്കി കൊണ്ട്
അവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍. നിങ്ങളെ അവന്‍ ആദ്യമായി
സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക് തന്നെ നിങ്ങള്‍ മടങ്ങുന്നതാകുന്നു.
ഒരു വിഭാഗത്തെ അവന്‍ നേര്‍വഴിയിലാക്കിയിരിക്കുന്നു. ഒരു വിഭാഗമാകട്ടെ വഴിപിഴക്കാന്‍
അര്‍ഹരായിരിക്കുന്നു. അല്ലാഹുവിനെ വിട്ട് പിശാചുക്കളെയാണ് അവര്‍
രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്. തങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചവരാണെന്ന്
അവര്‍ വിചാരിക്കുകയും ചെയ്യുന്നു.
ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും ( അഥവാ എല്ലാ ആരാധനാവേളകളിലും )
നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും
കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം
ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.
( നബിയേ, ) പറയുക: അല്ലാഹു അവന്‍റെ ദാസന്‍മാര്‍ക്ക് വേണ്ടി
ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാര്‍ത്ഥങ്ങളും
നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തില്‍ സത്യവിശ്വാസികള്‍ക്ക്
അവകാശപ്പെട്ടതാണ്. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍
അവര്‍ക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അപ്രകാരം നാം
തെളിവുകള്‍ വിശദീകരിക്കുന്നു.
ആദം സന്തതികളേ, നിങ്ങള്‍ക്ക് എന്‍റെ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതന്നു കൊണ്ട്
നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്‍മാര്‍ നിങ്ങളുടെ അടുത്ത് വരുന്ന പക്ഷം
അപ്പോള്‍ സൂക്ഷ്മത പാലിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാരോ
അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.
എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം
നടിക്കുകയും ചെയ്യുന്നതാരോ അവരാണ് നരകാവകാശികള്‍. അവര്‍ അതില്‍
നിത്യവാസികളായിരിക്കും.
അവന് ( അല്ലാഹു ) പറയും: ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നുമായി
നിങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തില്‍ നരകത്തില്‍
പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും ( അതില്‍ ) പ്രവേശിക്കുമ്പോഴൊക്കെ അതിന്‍റെ സഹോദര
സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാല്‍ അവരിലെ
പിന്‍ഗാമികള്‍ അവരുടെ മുന്‍ഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ്
ഞങ്ങളെ വഴിതെറ്റിച്ചത്. അത് കൊണ്ട് അവര്‍ക്ക് നീ നരകത്തില്‍ നിന്ന് ഇരട്ടി
ശിക്ഷ കൊടുക്കേണമേ. അവന്‍ പറയും: എല്ലാവര്‍ക്കും ഇരട്ടിയുണ്ട്. പക്ഷെ നിങ്ങള്‍
മനസ്സിലാക്കുന്നില്ല.
അവരിലെ മുന്‍ഗാമികള്‍ അവരുടെ പിന്‍ഗാമികളോട് പറയും: അപ്പോള്‍ നിങ്ങള്‍ക്ക്
ഞങ്ങളെക്കാളുപരി യാതൊരു ശ്രേഷ്ഠതയുമില്ല. ആകയാല്‍ നിങ്ങള്‍ സമ്പാദിച്ചു
വെച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ ശിക്ഷ അനുഭവിച്ച് കൊള്ളുക.
നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും
ചെയ്തവരാരോ അവര്‍ക്ക് വേണ്ടി ആകാശത്തിന്‍റെ കവാടങ്ങള്‍
തുറന്നുകൊടുക്കപ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന് പോകുന്നത്
വരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ് നാം
കുറ്റവാളികള്‍ക്ക് പ്രതിഫലം നല്‍കുന്നത്.
അവരുടെ ( വിശ്വാസികളുടെ ) മനസ്സുകളിലുള്ള ഉള്‍പകയെല്ലാം നാം നീക്കികളയുന്നതാണ്.
അവരുടെ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ പറയുകയും ചെയ്യും:
ഞങ്ങളെ ഇതിലേക്ക് നയിച്ച അല്ലാഹുവിന് സ്തുതി. അല്ലാഹു ഞങ്ങളെ നേര്‍വഴിയിലേക്ക്
നയിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളൊരിക്കലും നേര്‍വഴി പ്രാപിക്കുമായിരുന്നില്ല.
ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൂതന്‍മാര്‍ തീര്‍ച്ചയായും സത്യവും കൊണ്ടാണ് വന്നത്.
അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍
പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ
അവകാശികളാക്കപ്പെട്ടിരിക്കുന്നു.
ആ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു തടസ്സം ഉണ്ടായിരിക്കും. ഉന്നത സ്ഥലങ്ങളില്‍ ചില
ആളുകളുണ്ടായിരിക്കും. ഓരോ വിഭാഗത്തെയും അവരുടെ ലക്ഷണം മുഖേന അവര്‍ തിരിച്ചറിയും.
സ്വര്‍ഗാവകാശികളോട് അവര്‍ വിളിച്ചുപറയും: നിങ്ങള്‍ക്കു സമാധാനമുണ്ടായിരിക്കട്ടെ.
അവര്‍ ( ഉയരത്തുള്ളവര്‍ ) അതില്‍ ( സ്വര്‍ഗത്തില്‍ ) പ്രവേശിച്ചിട്ടില്ല. അവര്‍ (
അത് ) ആശിച്ചുകൊണ്ടിരിക്കുകയാണ്.
ഉയര്‍ന്ന സ്ഥലങ്ങളിലുള്ളവര്‍ ലക്ഷണം മുഖേന അവര്‍ക്ക് തിരിച്ചറിയാവുന്ന ചില ആളുകളെ
വിളിച്ചുകൊണ്ട് പറയും: നിങ്ങള്‍ ശേഖരിച്ചിരുന്നതും, നിങ്ങള്‍ അഹങ്കരിച്ചിരുന്നതും
നിങ്ങള്‍ക്കെന്തൊരു പ്രയോജനമാണ് ചെയ്തത്?
നരകാവകാശികള്‍ സ്വര്‍ഗാവകാശികളെ വിളിച്ചുപറയും: ഞങ്ങള്‍ക്ക് അല്‍പം വെള്ളമോ,
അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ ഉപജീവനത്തില്‍ നിന്ന് അല്‍പമോ നിങ്ങള്‍
ചൊരിഞ്ഞുതരണേ! അവര്‍ പറയും: സത്യനിഷേധികള്‍ക്കു അല്ലാഹു അത് രണ്ടും തീര്‍ത്തും
വിലക്കിയിരിക്കുകയാണ്.
( അതായത് ) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം
കണ്ടു വഞ്ചിതരാവുകയും ചെയ്തവര്‍ക്ക്. അതിനാല്‍ അവരുടെതായ ഈ ദിവസത്തെ
കണ്ടുമുട്ടുമെന്നത് അവര്‍ മറന്നുകളഞ്ഞത് പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍
നിഷേധിച്ചു കളഞ്ഞിരുന്നത് പോലെ ഇന്ന് അവരെ നാം മറന്നുകളയുന്നു.
ജ്ഞാനത്തിന്‍റെ അടിസ്ഥാനത്തില്‍ നാം കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ള ഒരു ഗ്രന്ഥം
അവര്‍ക്കു നാം കൊണ്ടുവന്നുകൊടുത്തു. വിശ്വസിക്കുന്ന ജനങ്ങള്‍ക്കു മാര്‍ഗദര്‍ശനവും
കാരുണ്യവുമത്രെ അത്.
അതിലുള്ളത് പുലര്‍ന്ന് കാണുക എന്നതല്ലാതെ മറ്റുവല്ലതുമാണോ അവര്‍
നോക്കിക്കൊണ്ടിരിക്കുന്നത്? മുമ്പ് അതിനെ മറന്നുകളഞ്ഞവര്‍ അതിന്‍റെ
പുലര്‍ച്ചവന്നെത്തുന്ന ദിവസത്തില്‍ പറയും: ഞങ്ങളുടെ രക്ഷിതാവിന്‍റെ ദൂതന്‍മാര്‍
സത്യവും കൊണ്ട് തന്നെയാണ് വന്നത്. ഇനി ഞങ്ങള്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യാന്‍
വല്ല ശുപാര്‍ശക്കാരുമുണ്ടോ? അതല്ല, ഞങ്ങളൊന്ന് തിരിച്ചയക്കപ്പെടുമോ? എങ്കില്‍
ഞങ്ങള്‍ മുമ്പ് ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി
പ്രവര്‍ത്തിക്കുമായിരുന്നു. തങ്ങള്‍ക്ക് തന്നെ അവര്‍ നഷ്ടം വരുത്തിവെച്ചു. അവര്‍
കെട്ടിച്ചമച്ചിരുന്നതെല്ലാം അവരെ വിട്ട് പോയിക്കളയുകയും ചെയ്തു.
ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടു
കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക.
തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക് സമീപസ്ഥമാകുന്നു.
അവനത്രെ തന്‍റെ അനുഗ്രഹത്തിന്ന് ( മഴയ്ക്കു ) മുമ്പായി സന്തോഷവാര്‍ത്ത
അറിയിച്ചുകൊണ്ട് കാറ്റുകളെ അയക്കുന്നവന്‍. അങ്ങനെ അവ ( കാറ്റുകള്‍ ) ഭാരിച്ച
മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നിര്‍ജീവമായ വല്ല നാട്ടിലേക്കും നാം അതിനെ
നയിച്ചുകൊണ്ട് പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത് മൂലം എല്ലാതരം
കായ്കനികളും നാം പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു. അത് പോലെ നാം മരണപ്പെട്ടവരെ
പുറത്ത് കൊണ്ട് വരുന്നതാണ്. നിങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം.
നല്ല നാട്ടില്‍ അതിലെ സസ്യങ്ങള്‍ അതിന്‍റെ രക്ഷിതാവിന്‍റെ അനുമതിയോടെ നന്നായി
മുളച്ചു വരുന്നു. എന്നാല്‍ മോശമായ നാട്ടില്‍ ശുഷ്ക്കമായിക്കൊണ്ടല്ലാതെ സസ്യങ്ങള്‍
മുളച്ച് വരികയില്ല. അപ്രകാരം, നന്ദികാണിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നാം
ദൃഷ്ടാന്തങ്ങള്‍ വിവധ രൂപത്തില്‍ വിവരിക്കുന്നു.
നൂഹിനെ അദ്ദേഹത്തിന്‍റെ ജനതയിലേക്ക് നാം അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം
പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. അവനല്ലാതെ
നിങ്ങള്‍ക്ക് ഒരു ദൈവവുമില്ല. തീര്‍ച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ
നിങ്ങള്‍ക്കു ( വന്നുഭവിക്കുമെന്ന് ) ഞാന്‍ ഭയപ്പെടുന്നു.
നിങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടിയും, നിങ്ങള്‍ സൂക്ഷ്മത
പാലിക്കുന്നതിന് വേണ്ടിയും, നിങ്ങള്‍ക്ക് കാരുണ്യം നല്‍കപ്പെടുന്നതിന് വേണ്ടിയും
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങളില്‍ പെട്ട ഒരു
പുരുഷനിലൂടെ നിങ്ങള്‍ക്ക് വന്നുകിട്ടിയതില്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ?
എന്നാല്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും
അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തുകയും, നമ്മുടെ
ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു.
തീര്‍ച്ചയായും അവര്‍ അന്ധരായ ഒരു ജനതയായിരുന്നു.
ആദ് സമുദായത്തിലേക്ക് അവരുടെ സഹോദരനായ ഹൂദിനെയും ( അയച്ചു. ) അദ്ദേഹം പറഞ്ഞു:
എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ
യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ് സൂക്ഷ്മത പുലര്‍ത്താത്തത്?
അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: തീര്‍ച്ചയായും നീ
എന്തോ മൌഢ്യത്തില്‍പ്പെട്ടിരിക്കുകയാണെന്ന് ഞങ്ങള്‍ കാണുന്നു. തീര്‍ച്ചയായും നീ
കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു.
നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ വേണ്ടി നിങ്ങളില്‍ പെട്ട ഒരു പുരുഷനിലൂടെ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉല്‍ബോധനം നിങ്ങള്‍ക്കു
വന്നുകിട്ടിയതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? നൂഹിന്‍റെ ജനതയ്ക്കു ശേഷം നിങ്ങളെ
അവന്‍ പിന്‍ഗാമികളാക്കുകയും, സൃഷ്ടിയില്‍ അവന്‍ നിങ്ങള്‍ക്കു ( ശാരീരിക ) വികാസം
വര്‍ദ്ധിപ്പിക്കുകയും ചെയ്തത് നിങ്ങള്‍ ഓര്‍ത്ത് നോക്കുക. അല്ലാഹുവിന്‍റെ
അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മ്മിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.
അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കള്‍
ആരാധിച്ചിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത്
വന്നിരിക്കുന്നത്? എങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് (
ശിക്ഷ ) നീ ഞങ്ങള്‍ക്കു കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍.
ഹൂദ് പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും
( ഇതാ ) നിങ്ങള്‍ക്ക് വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും
പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ
ചില ( ദൈവ ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട് തര്‍ക്കിക്കുന്നത്? എന്നാല്‍
നിങ്ങള്‍ കാത്തിരുന്ന് കൊള്ളുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം
കാത്തിരിക്കുകയാണ്.
അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും നമ്മുടെ കാരുണ്യം കൊണ്ട്
നാം രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചുതള്ളുകയും,
വിശ്വസിക്കാതിരിക്കുകയും ചെയ്തവരെ നാം മുരടോടെ മുറിച്ചുകളയുകയും ചെയ്തു.
ഥമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും ( നാം അയച്ചു. ) അദ്ദേഹം
പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍. അവനല്ലാതെ
നിങ്ങള്‍ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു വ്യക്തമായ ഒരു
തെളിവ് നിങ്ങള്‍ക്കു വന്നിട്ടുണ്ട്. നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമായിട്ട്
അല്ലാഹുവിന്‍റെ ഒട്ടകമാണിത്. ആകയാല്‍ അല്ലാഹുവിന്‍റെ ഭൂമിയില്‍ ( നടന്നു )
തിന്നുവാന്‍ നിങ്ങള്‍ അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്.
എങ്കില്‍ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.
അദ്ദേഹത്തിന്‍റെ ജനതയില്‍ പെട്ട അഹങ്കാരികളായ പ്രമാണിമാര്‍ ബലഹീനരായി
കരുതപ്പെട്ടവരോട് ( അതായത് ) അവരില്‍ നിന്ന് വിശ്വസിച്ചവരോട് പറഞ്ഞു: സ്വാലിഹ്
തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് അയക്കപ്പെട്ട ആള്‍ തന്നെയാണെന്ന്
നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ
അതില്‍ ഞങ്ങള്‍ തീര്‍ച്ചയായും വിശ്വസിക്കുന്നവരാണ്.
അങ്ങനെ അവര്‍ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനയെ
ധിക്കരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: സ്വാലിഹേ, നീ ദൈവദൂതന്‍മാരില്‍ പെട്ട
ആളാണെങ്കില്‍ ഞങ്ങളോട് നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ( ശിക്ഷ )
ഞങ്ങള്‍ക്ക് നീ കൊണ്ടുവാ.
അനന്തരം സ്വാലിഹ് അവരില്‍ നിന്ന് പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ
ജനങ്ങളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്കു എന്‍റെ രക്ഷിതാവിന്‍റെ സന്ദേശം
എത്തിച്ചുതരികയും, ആത്മാര്‍ത്ഥമായി ഞാന്‍ നിങ്ങളോട് ഉപദേശിക്കുകയുമുണ്ടായി. പക്ഷെ,
സദുപദേശികളെ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.
ലൂത്വിനെയും ( നാം അയച്ചു. ) അദ്ദേഹം തന്‍റെ ജനതയോട്, നിങ്ങള്‍ക്ക് മുമ്പ്
ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ?
എന്ന് പറഞ്ഞ സന്ദര്‍ഭം ( ഓര്‍ക്കുക. )
മദ്‌യങ്കാരിലേക്ക് അവരുടെ സഹോദരനായ ശുഐബിനെയും ( അയച്ചു. ) അദ്ദേഹം പറഞ്ഞു: എന്‍റെ
ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു
ദൈവവുമില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് വ്യക്തമായ തെളിവ്
വന്നിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം.
ജനങ്ങള്‍ക്കുഅവരുടെ സാധനങ്ങളില്‍ നിങ്ങള്‍ കമ്മിവരുത്തരുത്. ഭൂമിയില്‍
നന്‍മവരുത്തിയതിന് ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്. നിങ്ങള്‍
വിശ്വാസികളാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം.
ഞാന്‍ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില്‍ നിങ്ങളില്‍ ഒരു വിഭാഗം
വിശ്വസിച്ചിരിക്കുകയും, മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കില്‍
നമുക്കിടയില്‍ അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നത് വരെ നിങ്ങള്‍
ക്ഷമിച്ചിരിക്കുക.അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍.
അദ്ദേഹത്തിന്‍റെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാര്‍ പറഞ്ഞു: ശുഐബേ, തീര്‍ച്ചയായും
നിന്നെയും നിന്‍റെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടില്‍ നിന്ന്
പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗത്തില്‍ മടങ്ങി
വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അതിനെ ( ആ മാര്‍ഗത്തെ )
വെറുക്കുന്നവരാണെങ്കില്‍ പോലും ( ഞങ്ങള്‍ മടങ്ങണമെന്നോ? )
നിങ്ങളുടെ മാര്‍ഗത്തില്‍ നിന്ന് അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന് ശേഷം അതില്‍
തന്നെ ഞങ്ങള്‍ മടങ്ങി വരുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍
കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്. അതില്‍ മടങ്ങി വരാന്‍
ഞങ്ങള്‍ക്കു പാടില്ലാത്തതാണ്; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു
ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിന്‍റെ അറിവ് എല്ലാകാര്യത്തെയും
ഉള്‍കൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിന്‍റെ മേലാണ് ഞങ്ങള്‍
ഭരമേല്‍പിച്ചിരിക്കുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും ഞങ്ങളുടെ
ജനങ്ങള്‍ക്കുമിടയില്‍ നീ സത്യപ്രകാരം തീര്‍പ്പുണ്ടാക്കണമേ. നീയാണ്
തീര്‍പ്പുണ്ടാക്കുന്നവരില്‍ ഉത്തമന്‍.
അനന്തരം അദ്ദേഹം അവരില്‍ നിന്ന് പിന്തിരിഞ്ഞ് പോയി. അദ്ദേഹം പറഞ്ഞു: എന്‍റെ
ജനങ്ങളേ, തീര്‍ച്ചയായും എന്‍റെ രക്ഷിതാവിന്‍റെ സന്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക്
എത്തിച്ചുതരികയും ഞാന്‍ നിങ്ങളോട് ആത്മാര്‍ത്ഥമായി ഉപദേശിക്കുകയും
ചെയ്തിട്ടുണ്ട്. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരില്‍ ഞാന്‍ എന്തിനു
ദുഃഖിക്കണം.?
ഏതൊരു നാട്ടില്‍ നാം പ്രവാചകനെ അയച്ചപ്പോഴും അവിടത്തുകാരെ ദുരിതവും കഷ്ടപ്പാടും
കൊണ്ട് നാം പിടികൂടാതിരുന്നിട്ടില്ല. അവര്‍ വിനയമുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ
അത്.
പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത് സൌഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവര്‍
അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും ദുരിതവും
സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ് അപ്പോള്‍ അവര്‍ പറഞ്ഞത്.
അപ്പോള്‍ അവരറിയാതെ പെട്ടെന്ന് നാം അവരെ പിടികൂടി.
ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍
ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍
തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍
അവര്‍ ചെയ്ത് വെച്ചിരുന്നതിന്‍റെ ഫലമായി നാം അവരെ പിടികൂടി.
അപ്പോള്‍ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി തന്നെ അവര്‍ നിര്‍ഭയരായിരിക്കുകയാണോ?
എന്നാല്‍ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിന്‍റെ തന്ത്രത്തെപ്പറ്റി
നിര്‍ഭയരായിരിക്കുകയില്ല.
( പഴയ ) അവകാശികള്‍ക്കു ശേഷം ഭൂമിയുടെ അനന്തരാവകാശികളായിത്തീരുന്നവര്‍ക്ക് നാം
ഉദ്ദേശിക്കുകയാണെങ്കില്‍ അവരുടെ കുറ്റകൃത്യങ്ങളുടെ ഫലമായി നാം ശിക്ഷ
ഏല്‍പിക്കുന്നതാണ് എന്ന ബോധം അവരെ നേര്‍വഴിക്ക് നയിക്കുന്നില്ലേ? നാം അവരുടെ
ഹൃദയങ്ങളില്‍ മുദ്രവെക്കുകയും ചെയ്യും. അപ്പോള്‍ അവര്‍ ( ഒന്നും ) കേട്ടു
മനസ്സിലാക്കാത്തവരായിത്തീരും.
ആ നാടുകളുടെ വൃത്താന്തങ്ങളില്‍ ചിലത് നാം നിനക്ക് വിവരിച്ചുതരികയാണ്.
അവരിലേക്കയക്കപ്പെട്ട ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത്
ചെല്ലുകയുണ്ടായി. എന്നിട്ടും മുമ്പ് അവര്‍ നിഷേധിച്ചു തള്ളിയിരുന്നതില്‍ അവര്‍
വിശ്വസിക്കുകയുണ്ടായില്ല. സത്യനിഷേധികളുടെ ഹൃദയങ്ങളിന്‍മേല്‍ അപ്രകാരം അല്ലാഹു
മുദ്രവെക്കും.
പിന്നീട് അവരുടെയൊക്കെ ശേഷം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും
അവന്‍റെ പ്രമാണിമാരുടെയും അടുക്കലേക്ക് നാം നിയോഗിച്ചു. എന്നാല്‍ അവര്‍ ആ
ദൃഷ്ടാന്തങ്ങളോട് അന്യായം കാണിക്കുകയാണ് ചെയ്തത്. അപ്പോള്‍ നോക്കൂ; ആ
നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്.
അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ് ഞാന്‍.
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ
അടുത്ത് വന്നിരിക്കുന്നത്. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ.
ജാലവിദ്യക്കാര്‍ ഫിര്‍ഔന്‍റെ അടുത്ത് വന്നു. അവര്‍ പറഞ്ഞു: ഞങ്ങളാണ്
ജയിക്കുന്നവരെങ്കില്‍ ഞങ്ങള്‍ക്കു നല്ല പ്രതിഫലമുണ്ടായിരിക്കുമെന്ന്
തീര്‍ച്ചയാണല്ലോ?
മൂസാ പറഞ്ഞു: നിങ്ങള്‍ ഇട്ടുകൊള്ളുക. അങ്ങനെ ഇട്ടപ്പോള്‍ അവര്‍ ആളുകളുടെ
കണ്ണുകെട്ടുകയും അവര്‍ക്ക് ഭയമുണ്ടാക്കുകയും ചെയ്തു. വമ്പിച്ച ഒരു ജാലവിദ്യയാണ്
അവര്‍ കൊണ്ടു വന്നത്.