അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍
കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും
അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍
പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും
ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു
ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്.
ബഹുദൈവവിശ്വാസികളില്‍ വല്ലവനും നിന്‍റെ അടുക്കല്‍ അഭയം തേടി വന്നാല്‍
അല്ലാഹുവിന്‍റെ വചനം അവന്‍ കേട്ടു ഗ്രഹിക്കാന്‍ വേണ്ടി അവന്ന് അഭയം നല്‍കുക.
എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും
ചെയ്യുക. അവര്‍ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്.
അതെങ്ങനെ ( നിലനില്‍ക്കും? ) നിങ്ങളുടെ മേല്‍ അവര്‍ വിജയം നേടുന്ന പക്ഷം നിങ്ങളുടെ
കാര്യത്തില്‍ കുടുംബബന്ധമോ ഉടമ്പടിയോ അവര്‍ പരിഗണിക്കുകയില്ല. അവരുടെ വായ്കൊണ്ട്
അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. അവരുടെ മനസ്സുകള്‍ വെറുക്കുകയും ചെയ്യും. അവരില്‍
അധികപേരും ധിക്കാരികളാകുന്നു.
അവര്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ തുച്ഛമായ വിലയ്ക്ക് വിറ്റുകളയുകയും, അങ്ങനെ
അവന്‍റെ മാര്‍ഗത്തില്‍ നിന്ന് ( ആളുകളെ ) തടയുകയും ചെയ്തു. തീര്‍ച്ചയായും അവര്‍
പ്രവര്‍ത്തിച്ചു വരുന്നത് വളരെ ചീത്തയാകുന്നു.
എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത്
നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു.
മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി നാം ദൃഷ്ടാന്തങ്ങള്‍ വിശദീകരിക്കുന്നു.
ഇനി അവര്‍ കരാറില്‍ ഏര്‍പെട്ടതിന് ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും,
നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്‍റെ
നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക് ശപഥങ്ങളേയില്ല.
അവര്‍ വിരമിച്ചേക്കാം.
തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, റസൂലിനെ പുറത്താക്കാന്‍ മുതിരുകയും ചെയ്ത ഒരു
ജനവിഭാഗത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ? അവരാണല്ലോ നിങ്ങളോട് ആദ്യതവണ (
യുദ്ധം ) തുടങ്ങിയത്. അവരെ നിങ്ങള്‍ ഭയപ്പെടുകയാണോ? എന്നാല്‍ നിങ്ങള്‍ ഭയപ്പെടാന്‍
ഏറ്റവും അര്‍ഹതയുള്ളത് അല്ലാഹുവെയാണ്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍.
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കുകയും
അവരെ അവന്‍ അപമാനിക്കുകയും, അവര്‍ക്കെതിരില്‍ നിങ്ങളെ അവന്‍ സഹായിക്കുകയും,
വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങള്‍ക്ക് അവന്‍ ശമനം നല്‍കുകയും ചെയ്യുന്നതാണ്.
അവരുടെ മനസ്സുകളിലെ രോഷം അവന്‍ നീക്കികളയുകയും ചെയ്യുന്നതാണ്. അല്ലാഹു താന്‍
ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും
യുക്തിമാനുമാകുന്നു.
ബഹുദൈവവാദികള്‍ക്ക്, സത്യനിഷേധത്തിന് സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്
അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കര്‍മ്മങ്ങള്‍
നിഷ്ഫലമായിരിക്കുന്നു. നരകത്തില്‍ അവര്‍ നിത്യവാസികളായിരിക്കുകയും ചെയ്യും.
വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട്
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ അല്ലാഹുവിങ്കല്‍ ഏറ്റവും
മഹത്തായ പദവിയുള്ളവരാണ്. അവര്‍ തന്നെയാണ് വിജയം പ്രാപിച്ചവര്‍.
അവര്‍ക്ക് അവരുടെ രക്ഷിതാവ് അവന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യത്തെയും
പ്രീതിയെയും സ്വര്‍ഗത്തോപ്പുകളെയും പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നു. അവര്‍ക്ക്
അവിടെ ശാശ്വതമായ സുഖാനുഭവമാണുള്ളത്.
സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും
സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ
നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്. നിങ്ങളില്‍ നിന്ന് ആരെങ്കിലും
അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അക്രമികള്‍.
( നബിയേ, ) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രന്‍മാരും, നിങ്ങളുടെ
സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങള്‍
സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന
കച്ചവടവും, നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക്
അല്ലാഹുവെക്കാളും അവന്‍റെ ദൂതനെക്കാളും അവന്‍റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും
പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്‍റെ കല്‍പന കൊണ്ടുവരുന്നത് വരെ നിങ്ങള്‍
കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല.
തീര്‍ച്ചയായും ധാരാളം ( യുദ്ധ ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്.
ഹുനൈന്‍ ( യുദ്ധ ) ദിവസത്തിലും ( സഹായിച്ചു. ) അതായത് നിങ്ങളുടെ എണ്ണപ്പെരുപ്പം
നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാല്‍ അത് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും
ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങള്‍ക്ക് ഇടുങ്ങിയതാവുകയും,
അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം.
പിന്നീട് അല്ലാഹു അവന്‍റെ ദൂതന്നും സത്യവിശ്വാസികള്‍ക്കും അവന്‍റെ പക്കല്‍
നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുക്കുകയും, നിങ്ങള്‍ കാണാത്ത ചില സൈന്യങ്ങളെ
ഇറക്കുകയും, സത്യനിഷേധികളെ അവന്‍ ശിക്ഷിക്കുകയും ചെയ്തു. അതത്രെ
സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.
സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ
കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്. ( അവരുടെ അഭാവത്താല്‍ )
ദാരിദ്ര്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അല്ലാഹു അവന്‍റെ
അനുഗ്രഹത്താല്‍ അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് ഐശ്വര്യം
വരുത്തുന്നതാണ്. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.
ഉസൈര്‍ ( എസ്രാ പ്രവാചകന്‍ ) ദൈവപുത്രനാണെന്ന് യഹൂദന്‍മാര്‍ പറഞ്ഞു. മസീഹ് (
മിശിഹാ ) ദൈവപുത്രനാണെന്ന് ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള
വാക്ക് മാത്രമാണ്. മുമ്പ് അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയാകുന്നു.
അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്?
അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും
അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ
ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു
ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍!
അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍
ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല.
സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.
അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത്
അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും.
സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ
ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( അവരെ )
തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും,
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ
അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
നരകാഗ്നിയില്‍ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത് കൊണ്ട് അവരുടെ
നെറ്റികളിലും പാര്‍ശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (
അവരോട് പറയപ്പെടും ) : നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെ
നിക്ഷേപിച്ചുവെച്ചതാണിത്. അതിനാല്‍ നിങ്ങള്‍ നിക്ഷേപിച്ച് വെച്ചിരുന്നത്
നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക.
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്
അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (
യുദ്ധം ) വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (
നാല് ) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്.
ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും
ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍
മനസ്സിലാക്കുകയും ചെയ്യുക.
വിലക്കപ്പെട്ടമാസം പുറകോട്ട് മാറ്റുക എന്നത് സത്യനിഷേധത്തിന്‍റെ വര്‍ദ്ധനവ്
തന്നെയാകുന്നു. സത്യനിഷേധികള്‍ അത് മൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരു
കൊല്ലം അവരത് അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു.
അല്ലാഹു നിഷിദ്ധമാക്കിയതിന്‍റെ ( മാസത്തിന്‍റെ ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്,
അല്ലാഹു നിഷിദ്ധമാക്കിയത് ഏതോ അത് അനുവദനീയമാക്കുവാനും വേണ്ടിയാണ് അവരങ്ങനെ
ചെയ്യുന്നത്. അവരുടെ ദുഷ്പ്രവൃത്തികള്‍ അവര്‍ക്ക് ഭംഗിയായി
തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു
നേര്‍വഴിയിലാക്കുകയില്ല.
നിങ്ങള്‍ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കില്‍ അല്ലാഹു
നിങ്ങള്‍ക്ക് വേദനയേറിയ ശിക്ഷ നല്‍കുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവന്‍ പകരം
കൊണ്ടുവരികയും ചെയ്യും. അവന്ന് ഒരു ഉപദ്രവവും ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല.
അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു.
നിങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കില്‍; സത്യനിഷേധികള്‍ അദ്ദേഹത്തെ
പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍
അഥവാ അവര്‍ രണ്ടുപേരും ( നബിയും അബൂബക്കറും ) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു
അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്‍റെ കൂട്ടുകാരനോട്, ദുഃഖിക്കേണ്ട.
തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട് എന്ന് പറയുന്ന സന്ദര്‍ഭം. അപ്പോള്‍
അല്ലാഹു തന്‍റെ വകയായുള്ള സമാധാനം അദ്ദേഹത്തിന് ഇറക്കികൊടുക്കുകയും, നിങ്ങള്‍
കാണാത്ത സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തിന് പിന്‍ബലം നല്‍കുകയും, സത്യനിഷേധികളുടെ
വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിന്‍റെ വാക്കാണ്
ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
നിങ്ങള്‍ സൌകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും ( ധര്‍മ്മസമരത്തിന് )
ഇറങ്ങിപുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം.
നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.
അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നെങ്കില്‍ അവര്‍
നിന്നെ പിന്തുടരുമായിരുന്നു. പക്ഷെ, വിഷമകരമായ ഒരു യാത്രാലക്ഷ്യം അവര്‍ക്ക്
വിദൂരമായി തോന്നിയിരിക്കുന്നു. ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍
നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു. എന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം
ചെയ്ത് പറഞ്ഞേക്കും. അവര്‍ അവര്‍ക്കുതന്നെ നാശമുണ്ടാക്കുകയാകുന്നു. തീര്‍ച്ചയായും
അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവിന്നറിയാം.
( നബിയേ, ) നിനക്ക് അല്ലാഹു മാപ്പുനല്‍കിയിക്കുന്നു. സത്യം പറഞ്ഞവര്‍ ആരെന്ന്
നിനക്ക് വ്യക്തമായി ബോധ്യപ്പെടുകയും കള്ളം പറയുന്നവരെ നിനക്ക് തിരിച്ചറിയുകയും
ചെയ്യുന്നത് വരെ നീ എന്തിനാണ് അവര്‍ക്ക് അനുവാദം നല്‍കിയത്?
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവര്‍ തങ്ങളുടെ
സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും സമരം ചെയ്യുന്നതില്‍ നിന്ന്
ഒഴിഞ്ഞുനില്‍ക്കാന്‍ നിന്നോട് അനുവാദം ചോദിക്കുകയില്ല. സൂക്ഷ്മത
പാലിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്.
അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, മനസ്സുകളില്‍ സംശയം
കുടികൊള്ളുകയും ചെയ്യുന്നവര്‍ മാത്രമാണ് നിന്നോട് അനുവാദം ചോദിക്കുന്നത്. കാരണം
അവര്‍ അവരുടെ സംശയത്തില്‍ ആടിക്കളിച്ച് കൊണ്ടിരിക്കുകയാണ്.
അവര്‍ പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനുവേണ്ടി ഒരുക്കേണ്ടതെല്ലാം അവര്‍
ഒരുക്കുമായിരുന്നു. പക്ഷെ അവരുടെ പുറപ്പാട് അല്ലാഹു ഇഷ്ടപെടാതിരുന്നതുകൊണ്ട് അവരെ
പിന്തിരിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. മുടങ്ങിയിരിക്കുന്നവരോടൊപ്പം നിങ്ങളും
ഇരുന്നുകൊള്ളുക എന്ന് അവരോട് പറയപ്പെടുകയും ചെയ്തിരിക്കുന്നു.
മുമ്പും അവര്‍ കുഴപ്പമുണ്ടാക്കാന്‍ ആഗ്രഹിക്കുകയും നിനക്കെതിരില്‍ അവര്‍
കാര്യങ്ങള്‍ കുഴച്ചു മറിക്കുകയും ചെയ്തിട്ടുണ്ട്. അവസാനം അവര്‍ക്ക്
ഇഷ്ടമില്ലാതിരുന്നിട്ടും സത്യം വന്നെത്തുകയും അല്ലാഹുവിന്‍റെ കാര്യം വിജയിക്കുകയും
ചെയ്തു.
എനിക്ക് ( യുദ്ധത്തിന് പോകാതിരിക്കാന്‍ ) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ
എന്ന് പറയുന്ന ചില ആളുകളും അവരുടെ കൂട്ടത്തിലുണ്ട്. അറിയുക: അവര്‍ കുഴപ്പത്തില്‍
തന്നെയാണ് വീണിരിക്കുന്നത്. തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം
ചെയ്യുന്നതാകുന്നു.
നിനക്ക് വല്ല നന്‍മയും വന്നെത്തുന്ന പക്ഷം അതവരെ ദുഃഖിതരാക്കുകയും നിനക്ക് വല്ല
ആപത്തും വന്നെത്തുന്ന പക്ഷം ഞങ്ങള്‍ ഞങ്ങളുടെ കാര്യം മുമ്പുതന്നെ
സൂക്ഷിച്ചിട്ടുണ്ട് എന്ന് അവര്‍ പറയുകയും ആഹ്ലാദിച്ചു കൊണ്ട് അവര്‍
പിന്തിരിഞ്ഞ് പോകുകയും ചെയ്യും.
പറയുക: ( രക്തസാക്ഷിത്വം, വിജയം എന്നീ ) രണ്ടു നല്ലകാര്യങ്ങളില്‍ ഏതെങ്കിലും
ഒന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍
നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് നിങ്ങള്‍ക്ക് അല്ലാഹു തന്‍റെ
പക്കല്‍ നിന്ന് നേരിട്ടോ, ഞങ്ങളുടെ കൈക്കോ ശിക്ഷ ഏല്‍പിക്കും എന്നാണ്. അതിനാല്‍
നിങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുക. ഞങ്ങളും നിങ്ങളോടൊപ്പം
പ്രതീക്ഷിച്ചിരിക്കുന്നവരാണ്.
അവര്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും,
മടിയന്‍മാരായിക്കൊണ്ടല്ലാതെ അവര്‍ നമസ്കാരത്തിന് ചെല്ലുകയില്ല എന്നതും,
വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവര്‍ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ് അവരുടെ
പക്കല്‍ നിന്ന് അവരുടെ ദാനങ്ങള്‍ സ്വീകരിക്കപ്പെടുന്നതിന് തടസ്സമായിട്ടുള്ളത്.
അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ ആശ്ചര്യപ്പെടുത്താതിരിക്കട്ടെ! അവ മുഖേന
ഇഹലോകജീവിതത്തില്‍ അവരെ ശിക്ഷിക്കണമെന്നും, സത്യനിഷേധികളായിരിക്കെതന്നെ അവര്‍
ജീവനാശമടയണമെന്നും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
തീര്‍ച്ചയായും അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരാണെന്ന് അവര്‍ അല്ലാഹുവിന്‍റെ
പേരില്‍ സത്യം ചെയ്തു പറയും. എന്നാല്‍ അവര്‍ നിങ്ങളുടെ കൂട്ടത്തില്‍ പെട്ടവരല്ല.
പക്ഷെ അവര്‍ പേടിച്ചു കഴിയുന്ന ഒരു ജനവിഭാഗമാകുന്നു.
ഏതെങ്കിലും അഭയസ്ഥാനമോ, ഗുഹകളോ, കടന്ന് കൂടാന്‍ പറ്റിയ ഏതെങ്കിലും സ്ഥലമോ അവര്‍
കണ്ടെത്തുകയാണെങ്കില്‍ കുതറിച്ചാടിക്കൊണ്ട് അവരങ്ങോട്ട് തിരിഞ്ഞുപോകുന്നതാണ്.
അവരുടെ കൂട്ടത്തില്‍ ദാനധര്‍മ്മങ്ങളുടെ കാര്യത്തില്‍ നിന്നെ ആക്ഷേപിക്കുന്ന
ചിലരുണ്ട്. അതില്‍ നിന്ന് അവര്‍ക്ക് നല്‍കപ്പെടുന്ന പക്ഷം അവര്‍ തൃപ്തിപ്പെടും.
അവര്‍ക്കതില്‍ നിന്ന് നല്‍കപ്പെട്ടില്ലെങ്കിലോ അവരതാ കോപിക്കുന്നു.
ദാനധര്‍മ്മങ്ങള്‍ ( നല്‍കേണ്ടത് ) ദരിദ്രന്‍മാര്‍ക്കും, അഗതികള്‍ക്കും, അതിന്‍റെ
കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ( ഇസ്ലാമുമായി ) മനസ്സുകള്‍
ഇണക്കപ്പെട്ടവര്‍ക്കും, അടിമകളുടെ ( മോചനത്തിന്‍റെ ) കാര്യത്തിലും, കടം കൊണ്ട്
വിഷമിക്കുന്നവര്‍ക്കും, അല്ലാഹുവിന്‍റെ മാര്‍ഗത്തിലും, വഴിപോക്കന്നും മാത്രമാണ്.
അല്ലാഹുവിങ്കല്‍ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും
യുക്തിമാനുമാണ്.
നബിയെ ദ്രോഹിക്കുകയും അദ്ദേഹം എല്ലാം ചെവിക്കൊള്ളുന്ന ആളാണ് എന്ന് പറയുകയും
ചെയ്യുന്ന ചിലര്‍ അവരുടെ കൂട്ടത്തിലുണ്ട്. പറയുക: അദ്ദേഹം നിങ്ങള്‍ക്ക്
ഗുണമുള്ളത് ചെവിക്കൊള്ളുന്ന ആളാകുന്നു. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു.
യഥാര്‍ത്ഥവിശ്വാസികളെയും അദ്ദേഹം വിശ്വസിക്കുന്നു. നിങ്ങളില്‍ നിന്ന്
വിശ്വസിച്ചവര്‍ക്ക് ഒരു അനുഗ്രഹവുമാണദ്ദേഹം. അല്ലാഹുവിന്‍റെ ദൂതനെ
ദ്രോഹിക്കുന്നവരാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്.
നിങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി നിങ്ങളോടവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം
ചെയ്ത് സംസാരിക്കുന്നു. എന്നാല്‍ അവര്‍ സത്യവിശ്വാസികളാണെങ്കില്‍ അവര്‍
തൃപ്തിപ്പെടുത്തുവാന്‍ ഏറ്റവും അവകാശപ്പെട്ടവര്‍ അല്ലാഹുവും അവന്‍റെ ദൂതനുമാണ്.
തങ്ങളുടെ മനസ്സുകളില്‍ ഉള്ളതിനെപ്പറ്റി അവരെ വിവരമറിയിക്കുന്ന ( ഖുര്‍ആനില്‍
നിന്നുള്ള ) ഏതെങ്കിലും ഒരു അദ്ധ്യായം അവരുടെ കാര്യത്തില്‍ അവതരിപ്പിക്കപ്പെടുമോ
എന്ന് കപടവിശ്വാസികള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു. പറയുക: നിങ്ങള്‍ പരിഹസിച്ചു
കൊള്ളൂ. തീര്‍ച്ചയായും നിങ്ങള്‍ ഭയപ്പെട്ടുകൊണ്ടിരിക്കുന്നത് അല്ലാഹു വെളിയില്‍
കൊണ്ടു വരുന്നതാണ്.
നിങ്ങള്‍ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന് ശേഷം നിങ്ങള്‍ അവിശ്വസിച്ചു
കഴിഞ്ഞിരിക്കുന്നു. നിങ്ങളില്‍ ഒരു വിഭാഗത്തിന് നാം മാപ്പുനല്‍കുകയാണെങ്കില്‍
തന്നെ മറ്റൊരു വിഭാഗത്തിന് അവര്‍ കുറ്റവാളികളായിരുന്നതിനാല്‍ നാം ശിക്ഷ
നല്‍കുന്നതാണ്.
കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവര്‍ ദുരാചാരം
കല്‍പിക്കുകയും, സദാചാരത്തില്‍ നിന്ന് വിലക്കുകയും, തങ്ങളുടെ കൈകള്‍ അവര്‍
പിന്‍വലിക്കുകയും ചെയ്യുന്നു. അവര്‍ അല്ലാഹുവെ മറന്നു. അപ്പോള്‍ അവന്‍ അവരെയും
മറന്നു. തീര്‍ച്ചയായും കപടവിശ്വാസികള്‍ തന്നെയാണ് ധിക്കാരികള്‍.
കപടവിശ്വാസികള്‍ക്കും കപടവിശ്വാസിനികള്‍ക്കും, സത്യനിഷേധികള്‍ക്കും അല്ലാഹു
നരകാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്കതു
മതി. അല്ലാഹു അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്ക് സ്ഥിരമായ
ശിക്ഷയുണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെ. നിങ്ങളെക്കാള്‍ കനത്ത
ശക്തിയുള്ളവരും, കൂടുതല്‍ സ്വത്തുക്കളും സന്തതികളുമുള്ളവരുമായിരുന്നു അവര്‍. അങ്ങനെ
തങ്ങളുടെ ഓഹരികൊണ്ട് അവര്‍ സുഖമനുഭവിച്ചു. എന്നാല്‍ നിങ്ങളുടെ ആ മുന്‍ഗാമികള്‍
അവരുടെ ഓഹരികൊണ്ട് സുഖമനുഭവിച്ചത് പോലെ ഇപ്പോള്‍ നിങ്ങളുടെ ഓഹരികൊണ്ട് നിങ്ങളും
സുഖമനുഭവിച്ചു. അവര്‍ ( അധര്‍മ്മത്തില്‍ ) മുഴുകിയത് പോലെ നിങ്ങളും മുഴുകി.
അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിരിക്കുന്നു. അവര്‍
തന്നെയാണ് നഷ്ടം പറ്റിയവര്‍.
ഇവര്‍ക്ക് മുമ്പുള്ളവരുടെ വൃത്താന്തം ഇവര്‍ക്കു വന്നെത്തിയില്ലേ? അതായത്
നൂഹിന്‍റെ ജനതയുടെയും, ആദ്, ഥമൂദ് ജനവിഭാഗങ്ങളുടെയും, ഇബ്രാഹീമിന്‍റെ ജനതയുടെയും
മദ്‌യങ്കാരുടെയും കീഴ്മേല്‍ മറിഞ്ഞ രാജ്യങ്ങളുടെയും ( വൃത്താന്തം. ) അവരിലേക്കുള്ള
ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി.
അപ്പോള്‍ അല്ലാഹു അവരോട് അക്രമം കാണിക്കുകയുണ്ടായില്ല. പക്ഷെ, അവര്‍ അവരോടു തന്നെ
അക്രമം കാണിക്കുകയായിരുന്നു.
സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും താഴ്ഭാഗത്ത് കൂടി അരുവികള്‍
ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍
നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ
പാര്‍പ്പിടങ്ങളും ( വാഗ്ദാനം ചെയ്തിരിക്കുന്നു. ) എന്നാല്‍ അല്ലാഹുവിങ്കല്‍
നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്. അതത്രെ മഹത്തായ വിജയം.
നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട് പരുഷമായി
പെരുമാറുകയും ചെയ്യുക. അവര്‍ക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം
വളരെ ചീത്തതന്നെ.
തങ്ങള്‍ ( അങ്ങനെ ) പറഞ്ഞിട്ടില്ല എന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം
ചെയ്ത് പറയും, തീര്‍ച്ചയായും അവിശ്വാസത്തിന്‍റെ വാക്ക് അവര്‍ ഉച്ചരിക്കുകയും,
ഇസ്ലാം സ്വീകരിച്ചതിനു ശേഷം അവര്‍ അവിശ്വസിച്ച് കളയുകയും അവര്‍ക്ക് നേടാന്‍
കഴിയാത്ത കാര്യത്തിന് അവര്‍ ആലോചന നടത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്‍റെ
അനുഗ്രഹത്താല്‍ അവനും അവന്‍റെ ദൂതനും അവര്‍ക്ക് ഐശ്വര്യമുണ്ടാക്കികൊടുത്തു
എന്നതൊഴിച്ച് അവരുടെ എതിര്‍പ്പിന് ഒരു കാരണവുമില്ല. ആകയാല്‍ അവര്‍
പശ്ചാത്തപിക്കുകയാണെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരിക്കും. അവര്‍ പിന്തിരിഞ്ഞ്
കളയുന്ന പക്ഷം അല്ലാഹു അവര്‍ക്ക് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷ
നല്‍കുന്നതാണ്. ഭൂമിയില്‍ അവര്‍ക്ക് ഒരു മിത്രമോ സഹായിയോ ഉണ്ടായിരിക്കുകയുമില്ല.
അല്ലാഹു അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് നല്‍കുകയാണെങ്കില്‍
തീര്‍ച്ചയായും ഞങ്ങള്‍ ദാനം ചെയ്യുകയും, ഞങ്ങള്‍ സജ്ജനങ്ങളുടെ
കൂട്ടത്തിലായിരിക്കുകയും ചെയ്യുമെന്ന് അവനുമായി കരാര്‍ ചെയ്ത ചിലരും ആ
കൂട്ടത്തിലുണ്ട്.
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം ( ന്യായവിധിയുടെ ദിവസം ) വരെ അവരുടെ ഹൃദയങ്ങളില്‍
കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്‍റെ അനന്തരഫലമായി അവന്‍ അവര്‍ക്ക്
നല്‍കിയത്. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത് കൊണ്ടും, അവര്‍
കള്ളം പറഞ്ഞിരുന്നതുകൊണ്ടുമാണത്.
സത്യവിശ്വാസികളില്‍ നിന്ന് ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ സ്വയം സന്നദ്ധരായി
വരുന്നവരെയും, സ്വന്തം അദ്ധ്വാനമല്ലാതെ മറ്റൊന്നും ( ദാനം ചെയ്യാന്‍ )
കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവര്‍. അങ്ങനെ ആ വിശ്വാസികളെ അവര്‍
പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹസിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ
ശിക്ഷയാണുള്ളത്.
( നബിയേ, ) നീ അവര്‍ക്ക് വേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കില്‍ അവര്‍ക്ക്
വേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവര്‍ക്ക് വേണ്ടി എഴുപത് പ്രാവശ്യം പാപമോചനം
തേടിയാലും അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കുകയില്ല. അവര്‍ അല്ലാഹുവിലും അവന്‍റെ
ദൂതനിലും അവിശ്വസിച്ചത് കൊണ്ടത്രെ അത്. ധിക്കാരികളായ ജനങ്ങളെ അല്ലാഹു
നേര്‍വഴിയിലാക്കുകയില്ല.
( യുദ്ധത്തിനു പോകാതെ ) പിന്‍മാറി ഇരുന്നവര്‍ അല്ലാഹുവിന്‍റെ ദൂതന്‍റെ
കല്‍പനക്കെതിരായുള്ള അവരുടെ ഇരുത്തത്തില്‍ സന്തോഷം പൂണ്ടു. തങ്ങളുടെ
സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം
ചെയ്യുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു: ഈ ഉഷ്ണത്തില്‍ നിങ്ങള്‍
ഇറങ്ങിപുറപ്പെടേണ്ട. പറയുക. നരകാഗ്നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്. അവര്‍ കാര്യം
ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍!
ഇനി ( യുദ്ധം കഴിഞ്ഞിട്ട് ) അവരില്‍ ഒരു വിഭാഗത്തിന്‍റെ അടുത്തേക്ക് നിന്നെ
അല്ലാഹു ( സുരക്ഷിതനായി ) തിരിച്ചെത്തിക്കുകയും, അനന്തരം ( മറ്റൊരു യുദ്ധത്തിന്
നിന്‍റെ കൂടെ ) പുറപ്പെടാന്‍ അവര്‍ സമ്മതം തേടുകയും ചെയ്യുന്ന പക്ഷം നീ പറയുക:
നിങ്ങളൊരിക്കലും എന്‍റെ കൂടെ പുറപ്പെടുന്നതല്ല. നിങ്ങള്‍ എന്‍റെ കൂടെ ഒരു
ശത്രുവോടും യുദ്ധം ചെയ്യുന്നതുമല്ല. തീര്‍ച്ചയായും നിങ്ങള്‍ ആദ്യത്തെപ്രാവശ്യം
ഒഴിഞ്ഞിരിക്കുന്നതില്‍ തൃപ്തി അടയുകയാണല്ലോ ചെയ്തത്. അതിനാല്‍ ഒഴിഞ്ഞിരുന്നവരുടെ
കൂടെ നിങ്ങളും ഇരുന്ന് കൊള്ളുക.
അവരുടെ കൂട്ടത്തില്‍ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും
നമസ്കരിക്കരുത്. അവന്‍റെ ഖബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്.
തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവിശ്വസിക്കുകയും,
ധിക്കാരികളായിക്കൊണ്ട് മരിക്കുകയും ചെയ്തിരിക്കുന്നു.
അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ അത്ഭുതപ്പെടുത്താതിരിക്കട്ടെ.
ഇഹലോകത്തില്‍ അവ മൂലം അവരെ ശിക്ഷിക്കുവാനും സത്യനിഷേധികളായിക്കൊണ്ട് അവര്‍
ജീവനാശമടയുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.
( യുദ്ധത്തിനു പോകാതെ ) ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തിലായിരിക്കുന്നതില്‍
അവര്‍ തൃപ്തിയടഞ്ഞിരിക്കുന്നു. അവരുടെ ഹൃദയങ്ങളില്‍ മുദ്രവെക്കപ്പെടുകയും
ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ ( കാര്യം ) ഗ്രഹിക്കുകയില്ല.
പക്ഷെ, റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും തങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും
ശരീരങ്ങള്‍ കൊണ്ടും സമരം ചെയ്തു. അവര്‍ക്കാണ് നന്‍മകളുള്ളത്. അവര്‍ തന്നെയാണ്
വിജയം പ്രാപിച്ചവര്‍.
അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍
ഒരുക്കിവെച്ചിരിക്കുന്നു. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം.
ഗ്രാമീണ അറബികളില്‍ നിന്ന് ( യുദ്ധത്തിന് പോകാതിരിക്കാന്‍ ) ഒഴികഴിവ്
ബോധിപ്പിക്കാനുള്ളവര്‍ തങ്ങള്‍ക്ക് സമ്മതം നല്‍കപ്പെടുവാന്‍ വേണ്ടി ( റസൂലിന്‍റെ
അടുത്തു ) വന്നു. അല്ലാഹുവിനോടും അവന്‍റെ ദൂതനോടും കള്ളം പറഞ്ഞവര്‍ ( വീട്ടില്‍ )
ഇരിക്കുകയും ചെയ്തു. അവരില്‍ നിന്ന് അവിശ്വസിച്ചിട്ടുള്ളവര്‍ക്ക് വേദനയേറിയ ശിക്ഷ
ബാധിക്കുന്നതാണ്.
മറ്റൊരു വിഭാഗത്തിന്‍റെ മേലും കുറ്റമില്ല.( യുദ്ധത്തിനു പോകാന്‍ ) നീ അവര്‍ക്കു
വാഹനം നല്‍കുന്നതിന് വേണ്ടി അവര്‍ നിന്‍റെ അടുത്ത് വന്നപ്പോള്‍ നീ പറഞ്ഞു:
നിങ്ങള്‍ക്ക് നല്‍കാന്‍ യാതൊരു വാഹനവും ഞാന്‍ കണ്ടെത്തുന്നില്ല. അങ്ങനെ (
യുദ്ധത്തിന് വേണ്ടി ) ചെലവഴിക്കാന്‍ യാതൊന്നും കണ്ടെത്താത്തതിന്‍റെ പേരിലുള്ള
ദുഃഖത്താല്‍ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകിക്കൊണ്ട് അവര്‍ തിരിച്ചുപോയി. (
അങ്ങനെയുള്ള ഒരു വിഭാഗത്തിന്‍റെ മേല്‍. )
ഐശ്വര്യമുള്ളവരായിരിക്കെ ( ഒഴിഞ്ഞു നില്‍ക്കാന്‍ ) നിന്നോട് സമ്മതം തേടുകയും,
ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തില്‍ ആയിരിക്കുന്നതില്‍ തൃപ്തി അടയുകയും
ചെയ്ത വിഭാഗത്തിനെതിരില്‍ മാത്രമാണ് ( കുറ്റം ആരോപിക്കാന്‍ ) മാര്‍ഗമുള്ളത്.
അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ (
കാര്യം ) മനസ്സിലാക്കുന്നില്ല.
നിങ്ങള്‍ അവരുടെ അടുത്തേക്ക് തിരിച്ചുചെന്നാല്‍ നിങ്ങളോട് അവര്‍ അല്ലാഹുവിന്‍റെ
പേരില്‍ സത്യം ചെയ്യും. നിങ്ങള്‍ അവരെ വിട്ടു ഒഴിഞ്ഞുകളയുവാന്‍ വേണ്ടി യത്രെ അത്.
അത് കൊണ്ട് നിങ്ങള്‍ അവരെ ഒഴിവാക്കി വിട്ടേക്കുക. തീര്‍ച്ചയായും അവര്‍
വൃത്തികെട്ടവരാകുന്നു. അവരുടെ സങ്കേതം നരകമത്രെ. അവര്‍ പ്രവര്‍ത്തിച്ച്
കൊണ്ടിരുന്നതിനുള്ള പ്രതിഫലമാണത്.
നിങ്ങളോടവര്‍ സത്യം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍
വേണ്ടിയാണ്. ഇനി നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയായാല്‍ തന്നെയും അല്ലാഹു
അധര്‍മ്മകാരികളായ ജനങ്ങളെപ്പറ്റി തൃപ്തിപ്പെടുകയില്ല; തീര്‍ച്ച.
അഅ്‌റാബികള്‍ ( മരുഭൂവാസികള്‍ ) കൂടുതല്‍ കടുത്ത അവിശ്വാസവും കാപട്യവുമുള്ളവരത്രെ.
അല്ലാഹു അവന്‍റെ ദൂതന്ന് അവതരിപ്പിച്ചു കൊടുത്തതിലെ നിയമപരിധികളറിയാതിരിക്കാന്‍
കൂടുതല്‍ തരപ്പെട്ടവരുമാണവര്‍. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
തങ്ങള്‍ ( ദാനമായി ) ചെലവഴിക്കുന്നത് ഒരു ധനനഷ്ടമായി ഗണിക്കുകയും, നിങ്ങള്‍ക്ക്
കാലക്കേടുകള്‍ വരുന്നത് കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ്‌റാബികളുടെ
കൂട്ടത്തിലുണ്ട്. അവരുടെ മേല്‍ തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്. അല്ലാഹു
എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും,
സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു
സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത്
അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍
ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും.
അതത്രെ മഹത്തായ ഭാഗ്യം.
നിങ്ങളുടെ ചുറ്റുമുള്ള അഅ്‌റാബികളുടെ കൂട്ടത്തിലും കപടവിശ്വാസികളുണ്ട്.
മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്. കാപട്യത്തില്‍ അവര്‍ കടുത്തുപോയിരിക്കുന്നു.
നിനക്ക് അവരെ അറിയില്ല. നമുക്ക് അവരെ അറിയാം. രണ്ട് പ്രാവശ്യം നാം അവരെ
ശിക്ഷിക്കുന്നതാണ്.പിന്നീട് വമ്പിച്ച ശിക്ഷയിലേക്ക് അവര്‍ തള്ളപ്പെടുന്നതുമാണ്.
തങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ വേറെ ചിലരുണ്ട്. ( കുറെ ) സല്‍കര്‍മ്മവും, വേറെ
ദുഷ്കര്‍മ്മവുമായി അവര്‍ കൂട്ടികലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം
സ്വീകരിച്ചെന്ന് വരാം. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും
കരുണാനിധിയുമാകുന്നു.
അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ
സ്വത്തുകളില്‍ നിന്ന് നീ വാങ്ങുകയും, അവര്‍ക്കുവേണ്ടി ( അനുഗ്രഹത്തിന്നായി )
പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ പ്രാര്‍ത്ഥന അവര്‍ക്ക് ശാന്തി
നല്‍കുന്നതത്രെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
അല്ലാഹു തന്നെയാണ് തന്‍റെ ദാസന്‍മാരുടെ പശ്ചാത്താപം സ്വീകരിക്കുകയും,
ദാനധര്‍മ്മങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുന്നതെന്നും അല്ലാഹു തന്നെയാണ് പശ്ചാത്താപം
ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമെന്നും അവര്‍ മനസ്സിലാക്കിയിട്ടില്ലേ?
അല്ലാഹുവിന്‍റെ കല്‍പന കിട്ടുന്നത് വരെ തീരുമാനം മേറ്റീവ്ക്കപ്പെട്ട
മറ്റുചിലരുമുണ്ട്. ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും. അല്ലെങ്കില്‍ അവരുടെ
പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍
വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്‍റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക്
താവളമുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും ( ആ കപടന്‍മാരുടെ
കൂട്ടത്തിലുണ്ട് ). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍
ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ്
എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
( നബിയേ, ) നീ ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്. ആദ്യ ദിവസം തന്നെ
ഭക്തിയിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍
ഏറ്റവും അര്‍ഹതയുള്ളത്. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ
പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
അല്ലാഹുവെ സംബന്ധിച്ച ഭക്തിയിന്‍മേലും അവന്‍റെ പ്രീതിയിന്‍മേലും തന്‍റെ കെട്ടിടം
സ്ഥാപിച്ചവനോ അതല്ല, പൊളിഞ്ഞുവീഴാന്‍ പോകുന്ന ഒരു മണല്‍തിട്ടയുടെ വക്കത്ത്
കെട്ടിടം സ്ഥാപിക്കുകയും എന്നിട്ടത് തന്നെയും കൊണ്ട് നരകാഗ്നിയില്‍
പൊളിഞ്ഞുവീഴുകയും ചെയ്തവനോ കൂടുതല്‍ ഉത്തമന്‍? അക്രമികളായ ജനങ്ങളെ അല്ലാഹു
നേര്‍വഴിയിലാക്കുകയില്ല.
അവര്‍ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ആശങ്കയായി തുടരുന്നതാണ്.
അവരുടെ ഹൃദയങ്ങള്‍ കഷ്ണം കഷ്ണമായി തീര്‍ന്നെങ്കിലല്ലാതെ. അല്ലാഹു എല്ലാം
അറിയുന്നവനും യുക്തിമാനുമാകുന്നു.
തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക്
സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു
വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ
അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവര്‍
സ്വര്‍ഗാവകാശികളാകുന്നു. ) തൌറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും തന്‍റെ മേല്‍
ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്. അല്ലാഹുവെക്കാളധികം തന്‍റെ
കരാര്‍ നിറവേറ്റുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ ( അല്ലാഹുവുമായി )
നടത്തിയിട്ടുള്ള ആ ഇടപാടില്‍ സന്തോഷം കൊള്ളുവിന്‍. അതു തന്നെയാണ് മഹത്തായ ഭാഗ്യം.
ഇബ്രാഹീം അദ്ദേഹത്തിന്‍റെ പിതാവിന് വേണ്ടി പാപമോചനം തേടിയത് അദ്ദേഹം പിതാവിനോട്
അങ്ങനെ വാഗ്ദാനം ചെയ്തത് കൊണ്ട് മാത്രമായിരുന്നു. എന്നാല്‍ അയാള്‍ ( പിതാവ് )
അല്ലാഹുവിന്‍റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോള്‍ അദ്ദേഹം അയാളെ (
പിതാവിനെ ) വിട്ടൊഴിഞ്ഞു. തീര്‍ച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും
സഹനശീലനുമാകുന്നു.
ഒരു ജനതയ്ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന് ശേഷം, അവര്‍
കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന് അവര്‍ക്ക് വ്യക്തമാക്കികൊടുക്കുന്നതു വരെ അല്ലാഹു
അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും
അറിവുള്ളവനാകുന്നു.
തീര്‍ച്ചയായും അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.
അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന് പുറമെ
നിങ്ങള്‍ക്ക് യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.
തീര്‍ച്ചയായും പ്രവാചകന്‍റെയും, ഞെരുക്കത്തിന്‍റെ ഘട്ടത്തില്‍ അദ്ദേഹത്തെ
പിന്തുടര്‍ന്നവരായ മുഹാജിറുകളുടെയും അന്‍സാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ്
മടങ്ങിയിരിക്കുന്നു-അവരില്‍ നിന്ന് ഒരു വിഭാഗത്തിന്‍റെ ഹൃദയങ്ങള്‍
തെറ്റിപ്പോകുമാറായതിനു ശേഷം. എന്നിട്ട് അല്ലാഹു അവരുടെ നേരെ കനിഞ്ഞു മടങ്ങി.
തീര്‍ച്ചയായും അവന്‍ അവരോട് ഏറെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു.