ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും, ഇരുട്ടുകളും വെളിച്ചവും ഉണ്ടാക്കുകയും ചെയ്ത
അല്ലാഹുവിന്നാകുന്നു സ്തുതി. എന്നിട്ടുമതാ സത്യനിഷേധികള്‍ തങ്ങളുടെ രക്ഷിതാവിന്
സമന്‍മാരെ വെക്കുന്നു.
അവനത്രെ കളിമണ്ണില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടവന്‍ ഒരു അവധി
നിശ്ചയിച്ചിരിക്കുന്നു. അവങ്കല്‍ നിര്‍ണിതമായ മറ്റൊരവധിയുമുണ്ട്. എന്നിട്ടും
നിങ്ങള്‍ സംശയിച്ചു കൊണ്ടിരിക്കുന്നു.
അവര്‍ കണ്ടില്ലേ; അവര്‍ക്ക് മുമ്പ് നാം എത്ര തലമുറകളെ നശിപ്പിച്ചിട്ടുണ്ടെന്ന്?
നിങ്ങള്‍ക്ക് നാം ചെയ്ത് തന്നിട്ടില്ലാത്ത സൌകര്യം ഭൂമിയില്‍ അവര്‍ക്ക് നാം
ചെയ്ത് കൊടുത്തിരുന്നു. നാം അവര്‍ക്ക് ധാരാളമായി മഴ വര്‍ഷിപ്പിച്ച്
കൊടുക്കുകയും, അവരുടെ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുക്കുകയും ചെയ്തിരുന്നു.
എന്നിട്ട് അവരുടെ പാപങ്ങള്‍ കാരണം നാം അവരെ നശിപ്പിക്കുകയും, അവര്‍ക്ക് ശേഷം നാം
വേറെ തലമുറകളെ ഉണ്ടാക്കുകയും ചെയ്തു.
( നബിയേ, ) നിനക്ക് നാം കടലാസില്‍ എഴുതിയ ഒരു ഗ്രന്ഥം ഇറക്കിത്തരികയും,
എന്നിട്ടവരത് സ്വന്തം കൈകള്‍കൊണ്ട് തൊട്ടുനോക്കുകയും ചെയ്താല്‍ പോലും ഇത്
വ്യക്തമായ മായാജാലമല്ലാതെ മറ്റൊന്നുമല്ല എന്നായിരിക്കും സത്യനിഷേധികള്‍ പറയുക.
ഇയാളുടെ ( നബി ( സ ) യുടെ ) മേല്‍ ഒരു മലക്ക് ഇറക്കപ്പെടാത്തത് എന്താണ് എന്നും
അവര്‍ പറയുകയുണ്ടായി. എന്നാല്‍ നാം മലക്കിനെ ഇറക്കിയിരുന്നെങ്കില്‍ കാര്യം (
അന്തിമമായി ) തീരുമാനിക്കപ്പെടുമായിരുന്നു. പിന്നീടവര്‍ക്ക് സമയം
നീട്ടിക്കിട്ടുമായിരുന്നില്ല.
ഇനി നാം ഒരു മലക്കിനെ ( ദൂതനായി ) നിശ്ചയിക്കുകയാണെങ്കില്‍ തന്നെ ആ മലക്കിനെയും നാം
പുരുഷരൂപത്തിലാക്കുമായിരുന്നു. അങ്ങനെ ( ഇന്ന് ) അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന
വിഷയത്തില്‍ ( അപ്പോഴും ) നാം അവര്‍ക്ക് സംശയമുണ്ടാക്കുന്നതാണ്.
നിനക്ക് മുമ്പ് പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ
കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചു കൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക
തന്നെ ചെയ്തു.
( നബിയേ, ) ചോദിക്കുക: സാക്ഷ്യത്തില്‍ വെച്ച് ഏറ്റവും വലിയത് ഏതാകുന്നു? പറയുക:
അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കും ഇടയില്‍ സാക്ഷി. ഈ ഖുര്‍ആന്‍ എനിക്ക്
ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടുള്ളത്, അത് മുഖേന നിങ്ങള്‍ക്കും അത് ( അതിന്‍റെ
സന്ദേശം ) ചെന്നെത്തുന്ന എല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നതിന്
വേണ്ടിയാകുന്നു. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്നതിന് യഥാര്‍ത്ഥത്തില്‍
നിങ്ങള്‍ സാക്ഷ്യം വഹിക്കുമോ? പറയുക: ഞാന്‍ സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവന്‍
ഏകദൈവം മാത്രമാകുന്നു. നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്നതുമായി എനിക്ക് യാതൊരു
ബന്ധവുമില്ല.
നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ സ്വന്തം മക്കളെ അറിയുന്നത് പോലെ അത്
അറിയുന്നുണ്ട്. സ്വദേഹങ്ങളെ നഷ്ടത്തിലാക്കിയവരത്രെ അവര്‍. അതിനാല്‍ അവര്‍
വിശ്വസിക്കുകയില്ല.
നാം അവരെ മുഴുവന്‍ ഒരുമിച്ചുകൂട്ടുകയും, പിന്നീട് ബഹുദൈവാരാധകരോട് നിങ്ങള്‍
ജല്‍പിച്ച് കൊണ്ടിരുന്ന നിങ്ങളുടെ വകയായുള്ള ആ പങ്കാളികള്‍ എവിടെയെന്ന് നാം
ചോദിക്കുകയും ചെയ്യുന്ന ദിവസം ( ഓര്‍ക്കുക. )
അനന്തരം, അവരുടെ ഗതികേട് ഞങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെത്തന്നെയാണ സത്യം,
ഞങ്ങള്‍ പങ്കുചേര്‍ക്കുന്നവരായിരുന്നില്ല എന്ന് പറയുന്നതല്ലാതെ
മറ്റൊന്നുമായിരിക്കില്ല.
നീ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. എന്നാല്‍
അത് അവര്‍ ഗ്രഹിക്കാത്ത വിധം അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ ഇടുകയും,
അവരുടെ കാതുകളില്‍ അടപ്പ് വെക്കുകയും ചെയ്തിരിക്കുന്നു. എന്തെല്ലാം
ദൃഷ്ടാന്തങ്ങള്‍ കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. അങ്ങനെ അവര്‍ നിന്‍റെ
അടുക്കല്‍ നിന്നോട് തര്‍ക്കിക്കുവാനായി വന്നാല്‍ ആ സത്യനിഷേധികള്‍ പറയും; ഇത്
പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകളല്ലാതെ മറ്റൊന്നുമല്ല എന്ന്.
അവര്‍ അതില്‍ നിന്ന് മറ്റുള്ളവരെ തടയുകയും, അതില്‍ നിന്ന് ( സ്വയം ) അകന്നു
നില്‍ക്കുകയും ചെയ്യുന്നു. ( വാസ്തവത്തില്‍ ) അവര്‍ സ്വദേഹങ്ങള്‍ക്ക് തന്നെ
നാശമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. അവര്‍ ( അതിനെപ്പറ്റി )
ബോധവാന്‍മാരാകുന്നില്ല.
അവര്‍ അവരുടെ രക്ഷിതാവിന്‍റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ
കണ്ടിരുന്നെങ്കില്‍! അവന്‍ ചോദിക്കും.: ഇത് യഥാര്‍ത്ഥം തന്നെയല്ലേ? അവര്‍ പറയും:
അതെ; ഞങ്ങളുടെ രക്ഷിതാവിനെ തന്നെയാണ സത്യം. അവന്‍ പറയും: എന്നാല്‍ നിങ്ങള്‍
അവിശ്വസിച്ചു കൊണ്ടിരുന്നത് നിമിത്തം ശിക്ഷ ആസ്വദിച്ച് കൊള്ളുക.
അല്ലാഹുവുമായുള്ള കൂടിക്കാഴ്ചയെ നിഷേധിച്ചു തള്ളിയവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍
പെട്ടിരിക്കുന്നു. അങ്ങനെ പെട്ടെന്ന് ആ സമയം വന്നെത്തുമ്പോള്‍ അവര്‍ പറയും:
ഞങ്ങള്‍ ഇത് സംബന്ധിച്ച കാര്യത്തില്‍ വീഴ്ച വരുത്തിയതിനാല്‍ ഹോ! ഞങ്ങള്‍ക്ക്
കഷ്ടം! അവര്‍ അവരുടെ പാപഭാരങ്ങള്‍ അവരുടെ മുതുകുകളില്‍ വഹിക്കുന്നുണ്ടായിരിക്കും.
അവര്‍ പേറുന്ന ഭാരം എത്രയോ ചീത്ത!
അവര്‍ പിന്തിരിഞ്ഞ് കളയുന്നത് നിനക്ക് ദുസ്സഹമായി തോന്നുന്നുവെങ്കില്‍ ഭൂമിയില്‍
( ഇറങ്ങിപ്പോകുവാന്‍ ) ഒരു തുരങ്കമോ, ആകാശത്ത് ( കയറിപ്പോകുവാന്‍ ) ഒരു കോണിയോ
തേടിപ്പിടിച്ചിട്ട് അവര്‍ക്കൊരു ദൃഷ്ടാന്തം കൊണ്ടു വന്നുകൊടുക്കാന്‍ നിനക്ക്
സാധിക്കുന്ന പക്ഷം ( അതങ്ങ് ചെയ്തേക്കുക. ) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍
അവരെയൊക്കെ അവന്‍ സന്‍മാര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നു.
അതിനാല്‍ നീ ഒരിക്കലും അവിവേകികളില്‍ പെട്ടുപോകരുത്.
കേള്‍ക്കുന്നവര്‍ മാത്രമേ ഉത്തരം നല്‍കുകയുള്ളൂ. മരിച്ചവരെയാകട്ടെ അല്ലാഹു
ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്. എന്നിട്ട് അവങ്കലേക്ക് അവര്‍ മടക്കപ്പെടുകയും
ചെയ്യും.
ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും
നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും
വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍
ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്.
നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും ( ദൂതന്‍മാരെ ) അയച്ചിട്ടുണ്ട്. അനന്തരം
അവരെ ( ആ സമൂഹങ്ങളെ ) കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി; അവര്‍
വിനയശീലരായിത്തീരുവാന്‍ വേണ്ടി.
അങ്ങനെ അവര്‍ക്ക് നമ്മുടെ ശിക്ഷ വന്നെത്തിയപ്പോള്‍ അവരെന്താണ്
താഴ്മയുള്ളവരാകാതിരുന്നത് ? എന്നാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയാണുണ്ടായത്.
അവര്‍ ചെയ്ത് കൊണ്ടിരുന്നത് പിശാച് അവര്‍ക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു.
അങ്ങനെ അവരോട് ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ
കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക് തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക്
നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന് നാം അവരെ പിടികൂടി.
അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു.
( നബിയേ, ) പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയോ? അല്ലാഹു നിങ്ങളുടെ കേള്‍വിയും
കാഴ്ചകളും പിടിച്ചെടുക്കുകയും, നിങ്ങളുടെ ഹൃദയങ്ങളിന്‍മേല്‍ അവന്‍ മുദ്രവെക്കുകയും
ചെയ്യുന്ന പക്ഷം അല്ലാഹുവല്ലാതെ ഏതൊരു ദൈവമാണ് നിങ്ങള്‍ക്കത് കൊണ്ടുവന്ന്
തരാനുള്ളത്? നോക്കൂ: ഏതെല്ലാം വിധത്തില്‍ നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നു.
എന്നിട്ടും അവര്‍ പിന്തിരിഞ്ഞ് കളയുന്നു.
തങ്ങളുടെ രക്ഷിതാവിങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുമെന്ന് ഭയപ്പെടുന്നവര്‍ക്ക്
ഇത് ( ദിവ്യബോധനം ) മുഖേന നീ താക്കീത് നല്‍കുക. അവന്നു പുറമെ യാതൊരു
രക്ഷാധികാരിയും ശുപാര്‍ശകനും അവര്‍ക്കില്ല. അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.
തങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹം ലക്ഷ്യമാക്കിക്കൊണ്ട് രാവിലെയും വൈകുന്നേരവും
അവനോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്. അവരുടെ കണക്ക്
നോക്കേണ്ട യാതൊരു ബാധ്യതയും നിനക്കില്ല. നിന്‍റെ കണക്ക് നോക്കേണ്ട യാതൊരു
ബാധ്യതയും അവര്‍ക്കുമില്ല. എങ്കിലല്ലേ നീ അവരെ ആട്ടിയകറ്റേണ്ടി വരുന്നത് ? അങ്ങനെ
ചെയ്യുന്ന പക്ഷം നീ അക്രമികളില്‍ പെട്ടവനായിരിക്കും.
അപ്രകാരം അവരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് നാം പരീക്ഷണവിധേയരാക്കിയിരിക്കുന്നു.
ഞങ്ങളുടെ ഇടയില്‍ നിന്ന് അല്ലാഹു അനുഗ്രഹിച്ചിട്ടുള്ളത് ഇക്കൂട്ടരെയാണോ എന്ന്
അവര്‍ പറയുവാന്‍ വേണ്ടിയത്രെ അത്. നന്ദികാണിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം
അറിയുന്നവനല്ലയോ ?
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്‍റെ അടുക്കല്‍ വന്നാല്‍ നീ
പറയുക: നിങ്ങള്‍ക്ക് സമാധാനമുണ്ടായിരിക്കട്ടെ. നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ
തന്‍റെ മേല്‍ ( ബാധ്യതയായി ) നിശ്ചയിച്ചിരിക്കുന്നു. അതായത് നിങ്ങളില്‍
നിന്നാരെങ്കിലും അവിവേകത്താല്‍ വല്ല തിന്‍മയും ചെയ്തു പോകുകയും എന്നിട്ടതിന് ശേഷം
പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറെ
പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
( നബിയേ, ) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരെ
ആരാധിക്കുന്നതില്‍ നിന്ന് തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. പറയുക:
നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാന്‍ പിന്തുടരുകയില്ല. അങ്ങനെ ചെയ്യുന്ന പക്ഷം ഞാന്‍
പിഴച്ചു കഴിഞ്ഞു; സന്‍മാര്‍ഗം പ്രാപിച്ചവരുടെ കൂട്ടത്തില്‍ ഞാന്‍
ആയിരിക്കുകയുമില്ല.
പറയുക: തീര്‍ച്ചയായും എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ
പ്രമാണത്തിന്‍മേലാണ് ഞാന്‍. നിങ്ങളാകട്ടെ, അതിനെ നിഷേധിച്ച് കളഞ്ഞിരിക്കുന്നു.
നിങ്ങള്‍ എന്തൊന്നിന് വേണ്ടി തിടുക്കം കൂട്ടുന്നുവോ അത് ( ശിക്ഷ ) എന്‍റെ
പക്കലില്ല. ( അതിന്‍റെ ) തീരുമാനാധികാരം അല്ലാഹുവിന് മാത്രമാണ്. അവന്‍ സത്യം
വിവരിച്ചുതരുന്നു. അവനത്രെ തീര്‍പ്പുകല്‍പിക്കുന്നവരില്‍ ഉത്തമന്‍.
അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല.
കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല.
ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ
ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ
ഉണ്ടാവില്ല.
അവനത്രെ തന്‍റെ ദാസന്‍മാരുടെ മേല്‍ പരമാധികാരമുള്ളവന്‍. നിങ്ങളുടെ
മേല്‍നോട്ടത്തിനായി അവന്‍ കാവല്‍ക്കാരെ അയക്കുകയും ചെയ്യുന്നു. അങ്ങനെ അവരില്‍
ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ നമ്മുടെ ദൂതന്‍മാര്‍ ( മലക്കുകള്‍ ) അവനെ
പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. ( അക്കാര്യത്തില്‍ ) അവര്‍ ഒരു വീഴ്ചയും
വരുത്തുകയില്ല.
പറയുക: ഇതില്‍ നിന്ന് ( ഈ വിപത്തുകളില്‍ നിന്ന് ) അല്ലാഹു ഞങ്ങളെ
രക്ഷപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തില്‍
ആയിക്കൊള്ളാം. എന്ന് പറഞ്ഞുകൊണ്ട് അവനോട് നിങ്ങള്‍ താഴ്മയോടെയും രഹസ്യമായും
പ്രാര്‍ത്ഥിക്കുന്ന സമയത്ത് കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ
രക്ഷിക്കുന്നത് ആരാണ്?
പറയുക: നിങ്ങളുടെ മുകള്‍ ഭാഗത്ത് നിന്നോ, നിങ്ങളുടെ കാലുകളുടെ ചുവട്ടില്‍ നിന്നോ
നിങ്ങളുടെ മേല്‍ ശിക്ഷ അയക്കുവാന്‍, അല്ലെങ്കില്‍ നിങ്ങളെ ഭിന്നകക്ഷികളാക്കി
ആശയക്കുഴപ്പത്തിലാക്കുകയും, നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരുടെ പീഡനം
അനുഭവിപ്പിക്കുകയും ചെയ്യാന്‍ കഴിവുള്ളവനത്രെ അവന്‍. നോക്കൂ; അവര്‍ ഗ്രഹിക്കുവാന്‍
വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുന്നത് എങ്ങനെയാണെന്ന്!
( നബിയേ, ) നിന്‍റെ ജനത ഇത് സത്യമായിരിക്കെ ഇതിനെ നിഷേധിച്ച് കളഞ്ഞിരിക്കുന്നു.
പറയുക: ഞാന്‍ നിങ്ങളുടെ മേല്‍ ( ഉത്തരവാദിത്തം ) ഏല്‍പിക്കപ്പെട്ടവനൊന്നുമല്ല.
നമ്മുടെ ദൃഷ്ടാന്തങ്ങളെ അപഹസിക്കുന്നതില്‍ മുഴുകിയവരെ നീ കണ്ടാല്‍ അവര്‍ മറ്റു വല്ല
വര്‍ത്തമാനത്തിലും പ്രവേശിക്കുന്നത് വരെ നീ അവരില്‍ നിന്ന് തിരിഞ്ഞുകളയുക. ഇനി
വല്ലപ്പോഴും നിന്നെ പിശാച് മറപ്പിച്ച് കളയുന്ന പക്ഷം ഓര്‍മ വന്നതിന് ശേഷം
അക്രമികളായ ആ ആളുകളുടെ കൂടെ നീ ഇരിക്കരുത്.
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അവരുടെ ( അക്രമികളുടെ ) കണക്ക് നോക്കേണ്ട യാതൊരു
ബാധ്യതയുമില്ല. പക്ഷെ, ഓര്‍മിപ്പിക്കേണ്ടതുണ്ട്. അവര്‍ സൂക്ഷ്മതയുള്ളവരായേക്കാം.
തങ്ങളുടെ മതത്തെ കളിയും വിനോദവുമാക്കിത്തീര്‍ക്കുകയും, ഐഹികജീവിതം കണ്ട്
വഞ്ചിതരാകുകയും ചെയ്തിട്ടുള്ളവരെ വിട്ടേക്കുക. ഏതൊരു ആത്മാവും സ്വയം ചെയ്തു
വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെടുമെന്നതിനാല്‍ ഇത് ( ഖുര്‍ആന്‍ )
മുഖേന നീ ഉല്‍ബോധനം നടത്തുക. അല്ലാഹുവിന് പുറമെ ആ ആത്മാവിന് യാതൊരു
രക്ഷാധികാരിയും ശുപാര്‍ശകനും ഉണ്ടായിരിക്കുന്നതല്ല. എല്ലാവിധ പ്രായശ്ചിത്തവും
നല്‍കിയാലും ആ ആത്മാവില്‍ നിന്നത് സ്വീകരിക്കപ്പെടുകയില്ല. സ്വയം ചെയ്ത്
വെച്ചതിന്‍റെ ഫലമായി നാശത്തിലേക്ക് തള്ളപ്പെട്ടവരത്രെ അവര്‍. അവര്‍
നിഷേധിച്ചിരുന്നതിന്‍റെ ഫലമായി ചുട്ടുപൊള്ളുന്ന കുടിനീരും വേദനാജനകമായ ശിക്ഷയുമാണ്
അവര്‍ക്കുണ്ടായിരിക്കുക.
നിങ്ങള്‍ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കണമെന്നും, അവനെ സൂക്ഷിക്കണമെന്നും
കല്‍പിക്കപ്പെട്ടിരിക്കുന്നു. അവങ്കലേക്കായിരിക്കും നിങ്ങളെല്ലാം
ഒരുമിച്ചുകൂട്ടപ്പെടുന്നത്.
അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ചവന്‍. അവന്‍ ഉണ്ടാകൂ എന്ന പറയുന്ന
ദിവസം അതുണ്ടാകുക തന്നെ ചെയ്യുന്നു. അവന്‍റെ വചനം സത്യമാകുന്നു. കാഹളത്തില്‍
ഊതപ്പെടുന്ന ദിവസം അവന്ന് മാത്രമാകുന്നു ആധിപത്യം. അദൃശ്യവും ദൃശ്യവും
അറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞാനമുള്ളവനുമത്രെ.
ഇബ്രാഹീം തന്‍റെ പിതാവായ ആസറിനോട് പറഞ്ഞ സന്ദര്‍ഭം( ഓര്‍ക്കുക. ) ചില
ബിംബങ്ങളെയാണോ താങ്കള്‍ ദൈവങ്ങളായി സ്വീകരിക്കുന്നത്? തീര്‍ച്ചയായും താങ്കളും
താങ്കളുടെ ജനതയും വ്യക്തമായ വഴികേടിലാണെന്ന് ഞാന്‍ കാണുന്നു.
അപ്രകാരം ഇബ്രാഹീമിന് നാം ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യരഹസ്യങ്ങള്‍
കാണിച്ചുകൊടുക്കുന്നു. അദ്ദേഹം ദൃഢബോധ്യമുള്ളവരുടെ കൂട്ടത്തില്‍ ആയിരിക്കാന്‍
വേണ്ടിയും കൂടിയാണത്.
അങ്ങനെ രാത്രി അദ്ദേഹത്തെ ( ഇരുട്ട്കൊണ്ട് ) മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം
കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ, എന്‍റെ രക്ഷിതാവ്! എന്നിട്ട് അത് അസ്തമിച്ചപ്പോള്‍
അദ്ദേഹം പറഞ്ഞു: അസ്തമിച്ച് പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ
രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവ്
എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച
ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും.
അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ
രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്!! അങ്ങനെ അതും അസ്തമിച്ചു പോയപ്പോള്‍ അദ്ദേഹം
പറഞ്ഞു: എന്‍റെ സമുദായമേ, നിങ്ങള്‍ ( ദൈവത്തോട് ) പങ്കുചേര്‍ക്കുന്നതില്‍
നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു.
തീര്‍ച്ചയായും ഞാന്‍ നേര്‍മാര്‍ഗത്തില്‍ ഉറച്ചുനിന്നു കൊണ്ട് എന്‍റെ മുഖം
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് തിരിച്ചിരിക്കുന്നു. ഞാന്‍
ബഹുദൈവവാദികളില്‍ പെട്ടവനേ അല്ല.
ഇബ്രാഹീമിന് തന്‍റെ ജനതയ്ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്. നാം
ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും
നിന്‍റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.
അദ്ദേഹത്തിന് നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം
നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം
നേര്‍വഴിയിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും
സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും ( നാം നേര്‍വഴിയിലാക്കി.
) അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു.
അവരുടെ പിതാക്കളില്‍ നിന്നും സന്തതികളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും (
ചിലര്‍ക്ക് നാം ശ്രേഷ്ഠത നല്‍കിയിരിക്കുന്നു. ) അവരെ നാം വിശിഷ്ടരായി
തെരഞ്ഞെടുക്കുകയും, നേര്‍മാര്‍ഗത്തിലേക്ക് അവരെ നയിക്കുകയും ചെയ്തിരിക്കുന്നു.
അതാണ് അല്ലാഹുവിന്‍റെ മാര്‍ഗദര്‍ശനം. അത് മുഖേന തന്‍റെ ദാസന്‍മാരില്‍ നിന്ന്
താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു. അവര്‍ (
അല്ലാഹുവോട് ) പങ്കുചേര്‍ത്തിരുന്നുവെങ്കില്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം
അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോകുമായിരുന്നു.
അവരെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയിട്ടുള്ളത്. അതിനാല്‍ അവരുടെ നേര്‍മാര്‍ഗത്തെ
നീ പിന്തുടര്‍ന്ന് കൊള്ളുക. ( നബിയേ, ) പറയുക: ഇതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും
ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു
ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
ഒരു മനുഷ്യന്നും അല്ലാഹു യാതൊന്നും അവതരിപ്പിച്ചുകൊടുത്തിട്ടില്ല എന്നു പറഞ്ഞ
സന്ദര്‍ഭത്തില്‍ അല്ലാഹുവെ വിലയിരുത്തേണ്ട മുറപ്രകാരം വിലയിരുത്താതിരിക്കുകയാണ്
അവര്‍ ചെയ്തത്. പറയുക: എന്നാല്‍ സത്യപ്രകാശമായിക്കൊണ്ടും, മനുഷ്യര്‍ക്ക്
മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടു വന്ന ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത് ?
നിങ്ങള്‍ അതിനെ കടലാസ് തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും, ( മറ്റു )
പലതും ഒളിച്ച് വെക്കുകയും ചെയ്യുന്നുണ്ടല്ലോ. നിങ്ങള്‍ക്കോ നിങ്ങളുടെ
പിതാക്കന്‍മാര്‍ക്കോ അറിവില്ലാതിരുന്ന പലതും ( ആ ഗ്രന്ഥത്തിലൂടെ ) നിങ്ങള്‍
പഠിപ്പിക്കപ്പെട്ടിട്ടുമുണ്ട്. അല്ലാഹുവാണ് ( അത് അവതരിപ്പിച്ചത് ) എന്ന്
പറയുക. പിന്നീട് അവരുടെ കുതര്‍ക്കങ്ങളുമായി വിളയാടുവാന്‍ അവരെ വിട്ടേക്കുക.
ഇതാ, നാം അവതരിപ്പിച്ച, നന്‍മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ
ശരിവെക്കുന്നതത്രെ അത്. മാതൃനഗരി ( മക്ക ) യിലും അതിന്‍റെ
ചുറ്റുഭാഗത്തുമുള്ളവര്‍ക്ക് നീ താക്കീത് നല്‍കുവാന്‍ വേണ്ടി ഉള്ളതുമാണ് അത്.
പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നതാണ്. തങ്ങളുടെ
പ്രാര്‍ത്ഥന അവര്‍ മുറപ്രകാരം സൂക്ഷിച്ച് പോരുന്നതുമാണ്.
അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും
നല്‍കപ്പെടാതെ എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു എന്ന് പറയുകയോ ചെയ്തവനേക്കാളും,
അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും
വലിയ അക്രമി ആരുണ്ട് ? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ
കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന്
പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്.
നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും,
അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി
ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്. ( എന്ന് മലക്കുകള്‍
പറയും. )
( അവരോട് അല്ലാഹു പറയും: ) നിങ്ങളെ നാം ആദ്യഘട്ടത്തില്‍ സൃഷ്ടിച്ചത് പോലെത്തന്നെ
നിങ്ങളിതാ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവരായി വന്നെത്തിയിരിക്കുന്നു.
നിങ്ങള്‍ക്ക് നാം അധീനപ്പെടുത്തിതന്നതെല്ലാം നിങ്ങളുടെ പിന്നില്‍ നിങ്ങള്‍
വിട്ടേച്ച് പോന്നിരിക്കുന്നു. നിങ്ങളുടെ കാര്യത്തില്‍ ( അല്ലാഹുവിന്‍റെ )
പങ്കുകാരാണെന്ന് നിങ്ങള്‍ ജല്‍പിച്ചിരുന്ന നിങ്ങളുടെ ആ ശുപാര്‍ശക്കാരെ
നിങ്ങളോടൊപ്പം നാം കാണുന്നില്ല. നിങ്ങള്‍ തമ്മിലുള്ള ബന്ധം അറ്റുപോകുകയും നിങ്ങള്‍
ജല്‍പിച്ചിരുന്നതെല്ലാം നിങ്ങളെ വിട്ടുപോകുകയും ചെയ്തിരിക്കുന്നു.
തീര്‍ച്ചയായും ധാന്യമണികളും ഈന്തപ്പഴക്കുരുവും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു
നിര്‍ജീവമായതില്‍ നിന്ന് ജീവനുള്ളതിനെ അവന്‍ പുറത്ത് വരുത്തുന്നു. ജീവനുള്ളതില്‍
നിന്ന് നിര്‍ജീവമായതിനെയും അവന്‍ പുറത്ത് വരുത്തുന്നതാണ്. അങ്ങനെയുള്ളവനത്രെ
അല്ലാഹു.
അവനാണ് നിങ്ങള്‍ക്ക് വേണ്ടി നക്ഷത്രങ്ങളെ, കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍
നിങ്ങള്‍ക്ക് അവ മുഖേന വഴിയറിയാന്‍ പാകത്തിലാക്കിത്തന്നത്. മനസ്സിലാക്കുന്ന
ആളുകള്‍ക്ക് വേണ്ടി നാമിതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.
അവനാണ് ഒരേ ആത്മാവില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവന്‍. പിന്നെ (
നിങ്ങള്‍ക്ക് ) ഒരു സ്ഥിരസങ്കേതവും സൂക്ഷിപ്പ് കേന്ദ്രവുമുണ്ട്. ( കാര്യം )
ഗ്രഹിക്കുന്ന ആളുകള്‍ക്ക് വേണ്ടി നാം ഇതാ ദൃഷ്ടാന്തങ്ങള്‍ വിശദീകരിച്ചിരിക്കുന്നു.
അവനാണ് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നവന്‍. എന്നിട്ട് അത് മുഖേന നാം
എല്ലാ വസ്തുക്കളുടെയും മുളകള്‍ പുറത്ത് കൊണ്ടുവരികയും, അനന്തരം അതില്‍ നിന്ന്
പച്ചപിടിച്ച ചെടികള്‍ വളര്‍ത്തിക്കൊണ്ട് വരികയും ചെയ്തു. ആ ചെടികളില്‍ നിന്ന് നാം
തിങ്ങിനിറഞ്ഞ ധാന്യം പുറത്ത് വരുത്തുന്നു. ഈന്തപ്പനയില്‍ നിന്ന് അഥവാ അതിന്‍റെ
കൂമ്പോളയില്‍ നിന്ന് തൂങ്ങി നില്‍ക്കുന്ന കുലകള്‍ പുറത്ത് വരുന്നു. ( അപ്രകാരം
തന്നെ ) മുന്തിരിത്തോട്ടങ്ങളും , പരസ്പരം തുല്യത തോന്നുന്നതും, എന്നാല്‍
ഒരുപോലെയല്ലാത്തതുമായ ഒലീവും മാതളവും ( നാം ഉല്‍പാദിപ്പിച്ചു. ) അവയുടെ കായ്കള്‍
കായ്ച്ച് വരുന്നതും മൂപ്പെത്തുന്നതും നിങ്ങള്‍ നോക്കൂ. വിശ്വസിക്കുന്ന
ജനങ്ങള്‍ക്ക് അതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്.
അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ദൈവവുമില്ല.
എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാണ് അവന്‍. അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുക.
അവന്‍ സകലകാര്യങ്ങളുടെയും കൈകാര്യക്കാരനാകുന്നു.
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍
വന്നെത്തിയിരിക്കുന്നു. വല്ലവനും അത് കണ്ടറിഞ്ഞാല്‍ അതിന്‍റെ ഗുണം അവന്ന്
തന്നെയാണ്. വല്ലവനും അന്ധത കൈക്കൊണ്ടാല്‍ അതിന്‍റെ ദോഷവും അവന്നു തന്നെ. ഞാന്‍
നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല.
അപ്രകാരം നാം വിവിധ രൂപത്തില്‍ ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നു. നീ ( വല്ലവരില്‍
നിന്നും ) പഠിച്ചുവന്നതാണെന്ന് അവിശ്വാസികള്‍ പറയുവാനും, എന്നാല്‍ മനസ്സിലാക്കുന്ന
ആളുകള്‍ക്ക് നാം കാര്യം വ്യക്തമാക്കികൊടുക്കുവാനും വേണ്ടിയാണത്.
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവര്‍ ( അവനോട് ) പങ്കുചേര്‍ക്കുമായിരുന്നില്ല.
നിന്നെ നാം അവരുടെ മേല്‍ ഒരു കാവല്‍ക്കാരനാക്കിയിട്ടുമില്ല. നീ അവരുടെ മേല്‍
ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവനുമല്ല.
അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്.
അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും.
അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു.
പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍
ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്.
തങ്ങള്‍ക്ക് വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ
ചെയ്യുമെന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച്
സത്യം ചെയ്ത് പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍
മാത്രമാണുള്ളത്. നിങ്ങള്‍ക്കെന്തറിയാം? അത് വന്ന് കിട്ടിയാല്‍ തന്നെ അവര്‍
വിശ്വസിക്കുന്നതല്ല.
ഇതില്‍ ( ഖുര്‍ആനില്‍ ) ആദ്യതവണ അവര്‍ വിശ്വസിക്കാതിരുന്നത് പോലെത്തന്നെ (
ഇപ്പോഴും ) നാം അവരുടെ മനസ്സുകളെയും കണ്ണുകളെയും മറിച്ചുകൊണ്ടിരിക്കും. അവരുടെ
ധിക്കാരവുമായി വിഹരിച്ചുകൊള്ളുവാന്‍ നാം അവരെ വിട്ടേക്കുകയും ചെയ്യും.
നാം അവരിലേക്ക് മലക്കുകളെ ഇറക്കുകയും, മരിച്ചവര്‍ അവരോട് സംസാരിക്കുകയും,
സര്‍വ്വവസ്തുക്കളെയും നാം അവരുടെ മുമ്പാകെ കൂട്ടം കൂട്ടമായി ശേഖരിക്കുകയും
ചെയ്താലും അവര്‍ വിശ്വസിക്കാന്‍ പോകുന്നില്ല. അല്ലാഹു ഉദ്ദേശിച്ചെങ്കിലല്ലാതെ.
എന്നാല്‍ അവരില്‍ അധികപേരും വിവരക്കേട് പറയുകയാകുന്നു.
അപ്രകാരം ഓരോ പ്രവാചകന്നും മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കളെ നാം
ശത്രുക്കളാക്കിയിട്ടുണ്ട്. കബളിപ്പിക്കുന്ന ഭംഗിവാക്കുകള്‍ അവര്‍ അന്യോന്യം
ദുര്‍ബോധനം ചെയ്യുന്നു. നിന്‍റെ രക്ഷിതാവ് ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരത്
ചെയ്യുമായിരുന്നില്ല. അത് കൊണ്ട് അവര്‍ കെട്ടിച്ചമയ്ക്കുന്ന കാര്യങ്ങളുമായി അവരെ
നീ വിട്ടേക്കുക.
പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ മനസ്സുകള്‍ അതിലേക്ക് ( ആ
ഭംഗിവാക്കുകളിലേക്ക് ) ചായുവാനും, അവര്‍ അതില്‍ സംതൃപ്തരാകുവാനും, അവര്‍ ചെയ്ത്
കൂട്ടുന്നതെല്ലാം ചെയ്ത് കൂട്ടുവാനും വേണ്ടിയത്രെ അത്.
( പറയുക: ) അപ്പോള്‍ വിധികര്‍ത്താവായി ഞാന്‍ അന്വേഷിക്കേണ്ടത് അല്ലാഹു
അല്ലാത്തവരെയാണോ? അവനാകട്ടെ, വിശദവിവരങ്ങളുള്ള വേദഗ്രന്ഥം
നിങ്ങള്‍ക്കിറക്കിത്തന്നവനാകുന്നു. അത് സത്യവുമായി നിന്‍റെ രക്ഷിതാവിങ്കല്‍
നിന്ന് ഇറക്കപ്പെട്ടതാണെന്ന് നാം മുമ്പ് വേദഗ്രന്ഥം
നല്‍കിയിട്ടുള്ളവര്‍ക്കറിയാം. അതിനാല്‍ നീ ഒരിക്കലും സംശയാലുക്കളില്‍
പെട്ടുപോകരുത്.
ഭൂമിയിലുള്ളവരില്‍ അധികപേരെയും നീ അനുസരിക്കുന്ന പക്ഷം അല്ലാഹുവിന്‍റെ
മാര്‍ഗത്തില്‍ നിന്നും നിന്നെ അവര്‍ തെറ്റിച്ചുകളയുന്നതാണ്. ഊഹത്തെ മാത്രമാണ്
അവര്‍ പിന്തുടരുന്നത്. അവര്‍ അനുമാനിക്കുക മാത്രമാണ് ചെയ്യുന്നത്.